സ്രവപരിശോധനക്ക് കാത്തിരിക്കാതെ മൃതദേഹം സംസ്കരിക്കാമെന്ന് ആരോഗ്യവകുപ്പ്
text_fieldsഗാന്ധിനഗർ (കോട്ടയം): സംസ്ഥാനത്തെ ആശുപത്രികളിൽ അപകടങ്ങളിൽപെട്ടും ചികിത്സയിലിരിക്കെയും മരിക്കുന്നവരുടെ മൃതദേഹങ്ങൾ കോവിഡ് പരിശോധനഫലം കാത്തിരിക്കാതെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കാരത്തിന് വിട്ടുനൽകാൻ ആരോഗ്യവകുപ്പിെൻറ നിർദേശം. ആഗസ്റ്റ് ആറിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി മരിച്ചാൽ മൃതദേഹത്തിൽനിന്ന് മൂന്നുതവണ കോവിഡ് പരിശോധനക്ക് സ്രവം ശേഖരിക്കണം. ഒരെണ്ണം ബന്ധപ്പെട്ട ആശുപത്രിയിലും ഒരെണ്ണം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തണം. മറ്റൊരെണ്ണം ആശുപത്രിയിൽ സൂക്ഷിക്കണം. തുടർന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം അതത് മേഖലകളിലുള്ള പ്രൈമറി ഹെൽത്ത് സെൻററുകളിലെ ആരോഗ്യപ്രവർത്തകർ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 12 അടി താഴ്ചയിൽ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യണം. മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്ന പൊലീസും പോസ്റ്റ്മോർട്ടം നടത്തുന്ന ഡോക്ടർമാരും നിർബന്ധമായി പി.പി.ഇ കിറ്റ് ധരിക്കണമെന്നും സർക്കുലർ പറയുന്നു. മോർച്ചറികളിൽ മൃതദേഹം സൂക്ഷിക്കാൻ ഇടം ലഭിക്കാത്തതാണ് പുതിയ ഉത്തരവിന് കാരണം.
അതേസമയം, കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കാരം നടത്തിയശേഷം കോവിഡ് നെഗറ്റിവാണെന്ന് അറിഞ്ഞതുകൊണ്ട് പ്രയോജനമിെല്ലന്ന ആക്ഷേപവും ഉയരുന്നു. മതാചാര ചടങ്ങുകളോ ബന്ധുക്കളുടെ സാന്നിധ്യമോ ഇല്ലാതെയാണ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കുന്നത്. കോവിഡ് നെഗറ്റിവായാലും പിന്നീട് മതാചാരപ്രകാരം സംസ്കാരം നടത്താനും ബന്ധുക്കൾക്ക് കാണാനും അവസരം ലഭിക്കില്ല. മാത്രമല്ല, പരിശോധനഫലം വരുന്നതുവരെ ബന്ധുക്കൾ ക്വാറൻറീനിൽ കഴിയുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.