കുവൈത്തിലെ അഗ്നി ബാധയിൽ മരണപ്പെട്ട ചെങ്ങന്നൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തി
text_fieldsചെങ്ങന്നൂർ: കുവൈത്ത് മംഗാഫ് നഗരത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരണമടഞ്ഞ ചെങ്ങന്നൂർ പാണ്ടനാട്, വന്മഴി ഏഴാം വാർഡിൽ മണക്കണ്ടത്തിൽ മാത്യു തോമസിന്റെ (53) മൃതദേഹം നാട്ടിലെത്തി. വെള്ളിയാഴ്ച വൈകിട്ട് മുന്നു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ക്കാരം തിങ്കളാഴ്ച നടക്കും.
തിരുവല്ലനിരണം പ്ലാച്ചുവട്ടിൽ പരേതരായ ഗീവർഗീസ് തോമസിൻ്റെയും മറിയാമ്മയുടെയും മകനായ മാത്യു തോമസ് കുവൈത്തിലെ ഷോപ്പിങ്മാളിൽ കഴിഞ്ഞ 30 വർഷക്കാലമായി സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവധിക്കു അവസാനമായി നാട്ടിൽ വന്നിട്ടു മടങ്ങിയത്.അപകടത്തിനു തലേന്നാൾ വീട്ടിലേക്കു ഫോൺവിളിച്ചു വിശേഷങ്ങൾ പങ്കുവെച്ചമാത്യുവിനെ പിന്നീട് ഫോണിലും ലഭിക്കാതായതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു . അതിനിടെയാണ് വ്യാഴാഴ്ച രാവിലെയും ഉച്ചക്കുമായി വിയോഗവാർത്ത വീട്ടുകാർക്കു ലഭിക്കുന്നത്.
ഷിബുവെന്ന വിളിപ്പേരുകാരനായ മാത്യു തോമസ് വിവാഹശേഷം 20 വർഷമായി പാണ്ടനാട്ടിലെ ഭാര്യ വീടിനോട് ചേർന്ന് കുടുംബമായി താമസം മാറ്റുകയായിരുന്നു. ഭാര്യ ഷിനു മാത്യുവും രണ്ട് പെൺമക്കളും ഭാര്യയുടെ മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്തമകൾ മേഘ ആൻ മാത്യു ബെംഗളൂരുവിൽ ബി.എസ്.സി നഴ്‌സിങ് പാസ്സായി വിദേശ ജോലിക്കായി പഠന നടത്തുന്നു. ഇളയ മകൾ മെറിൻ ആൻ മാത്യു എം.ബി.എക്ക് പ്രവേശനം നേടി ഹൈദരാബാദിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മൃതദേഹം തിങ്കളാഴ്ച രാവിലെ 9 മണിയോടെ വീട്ടിൽ പൊതു ദർശനത്തിനു വെക്കും. സംസ്ക്കാരം. ഉച്ചക്ക് രണ്ടിനു വൻമഴി കാളികുന്ന് ജോർദാൻപുരം ഓർത്തഡോക്സ് പള്ളി സെമിത്തേരിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.