ആ കുഞ്ഞിനെ അവർ കൊന്നു... ആലുവയിൽ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ
text_fieldsആലുവ: 20 മണിക്കൂർ കേരളം പ്രാർഥനയോടെ കാത്തിരുന്ന ആ കുഞ്ഞിനെ അവർ കൊന്നു കളഞ്ഞു. ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെയാണ് കൊലപ്പെടുത്തി ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ചത്. മൃതദേഹം അടിച്ചൊടിച്ച് ചാക്കിൽ കെട്ടിയാണ് ഇവിടെ തള്ളിയത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ആലുവ ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകരയിൽ രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന കുട്ടിയെ ബിഹാർ സ്വദേശി അഫ്സാഖ് ആലം തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി.
കുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. സുഹൃത്തിന്‍റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്നാണ് അഫ്സാഖ് ആലം മൊഴി നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് പ്രതി നൽകിയ മൊഴി. സുഹൃത്തായ തൊഴിലാളിയാണ് ഇടനിലക്കാരനായത്.
കുട്ടിയെ കാണാതായ സമയം മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികൾ മാത്രമുള്ളപ്പോൾ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വൈകീട്ട് അഞ്ചരക്കാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
പ്രതി അഫ്സാഖ് ആലം കുട്ടിയെയും കൂട്ടി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇയാൾ രണ്ട് ദിവസം മുൻപാണ് ജോലി അന്വേഷിച്ച് ഇവിടെ എത്തിയത്. ഇയാളെ കുറിച്ച് ആർക്കും കൂടുതൽ വിവരമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.