മുനമ്പത്ത് ബോട്ട് മുങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
text_fieldsകൊച്ചി: എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി കാണാതായ നാലുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തി (24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ഷാജി (53), മോഹനൻ (53), ആലപ്പുഴ സ്വദേശി രാജു (56) എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ മുനമ്പം അഴിമുഖത്തുനിന്ന് പടിഞ്ഞാറ് കടലിൽ കിടന്നിരുന്ന ‘സമൃദ്ധി’ എന്ന ബോട്ടിൽനിന്ന് മത്സ്യം എടുത്തുവരുകയായിരുന്ന ‘നന്മ’ ഫൈബർ വള്ളം മുങ്ങിയാണ് ഇവരെ കാണാതായത്.
ഫിഷറീസ് വകുപ്പിന്‍റെ മൂന്ന് പട്രോൾ ബോട്ടുകൾ, വൈപ്പിൻ പ്രത്യാശ മറൈൻ ആംബുലൻസ്, കോസ്റ്റൽ പൊലീസിന്‍റെ ബോട്ട്, കോസ്റ്റ് ഗാർഡിന്‍റെ കപ്പലുകൾ എന്നിവ കടലിലും കോസ്റ്റ് ഗാർഡിന്‍റെ ഡോണിയർ വിമാനം, നേവിയുടെ ഹെലികോപ്ടർ എന്നിവ ആകാശത്തിലുമായി ഇന്നലെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സൂചനകൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ രാത്രി ഏഴോടെ തിരച്ചിൽ അവസാനിപ്പിച്ച് ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചു. മുനമ്പത്തേയും വൈപ്പിനിലേയും മത്സ്യ തൊഴിലാളികളും തിരച്ചിൽ സംഘത്തിലുണ്ട്.
വള്ളത്തിൽ ഉണ്ടായിരുന്ന എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ അപകടം നടന്ന വ്യാഴാഴ്ച രാത്രി എട്ടോടെ അതുവഴി എത്തിയ സെന്‍റ് ജൂഡ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ മണിയൻ എറണാകുളം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
അഞ്ചു പേർക്ക് കയറാവുന്ന ഫൈബർ വള്ളത്തിൽ ഏഴു പേർ കയറിയതും അളവിലും അധികം മീൻ ഉണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.