കൊല്ലപ്പെട്ട കുഞ്ഞിനെ വേണ്ടെന്ന് കുടുംബം; വലിയ ചുടുകാട്ടിൽ പഞ്ചായത്ത് അധികൃതർ സംസ്കരിച്ചു
text_fieldsചേർത്തല: പള്ളിപ്പുറത്ത് കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാതിരുന്നതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ചൊവ്വാഴ്ച മൂന്നരയോടെ വലിയ ചുടുകാട്ടിലായിരുന്നു സംസ്കാരം. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ മാതാവിന് പങ്കില്ലെന്നും കാമുകൻ രതീഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പള്ളിപ്പുറം 17ാം വാർഡിൽ ആശയുടെ (36) അഞ്ചുദിവസം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കൊലപാതകം പുറത്തുകൊണ്ടുവന്ന ആശ വർക്കറായ ത്രിപുരേശ്വരിയെ പൊലീസ് മേധാവി അഭിനന്ദിച്ചു. ആശ ഗർഭിണിയാണെന്ന വിവരം ഭർത്താവിന് അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കുട്ടി ആരുടേതാണെന്ന് അവർ വെളിപ്പെടുത്തിയിരുന്നില്ല. രതീഷ് ഭർത്താവിന്‍റെ സുഹൃത്തായിരുന്നു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭം അലസിപ്പിക്കാൻ ആശ രതീഷിനൊപ്പം പോയിരുന്നു. കൂടെയുള്ളത് കാമുകനാണെന്ന് അറിഞ്ഞതോടെ ഡോക്ടർ നിരുത്സാഹപ്പെടുത്തി വിട്ടു. പിന്നീട് മറ്റ് രണ്ട് ആശുപത്രികളിലും പോയെങ്കിലും നടന്നില്ല.
പ്രസവശേഷം കുട്ടിയുമായി എത്തിയപ്പോൾ ആശയെ ഭർത്താവ് വീട്ടിൽ കയറ്റിയില്ല. കുഞ്ഞില്ലാതെ വീട്ടിൽ കയറിയാൽ മതിയെന്ന് പറഞ്ഞതോടെ ആശ ഒറ്റപ്പുന്നയിൽ പൂക്കട നടത്തുന്ന രതീഷിന്റെ അടുത്തെത്തി കുട്ടിയെ എവിടെയെങ്കിലും ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടു. ആർക്കെങ്കിലും വളർത്താൻ കൊടുക്കാമെന്ന് രതീഷും പറഞ്ഞു. ആശയുടെ കൈയിൽനിന്ന് തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങി തന്റെ ഇരുചക്ര വാഹനത്തിന്റെ ഫ്ലാറ്റ്ഫോമിൽ കിടത്തി രതീഷ് വീട്ടിലേക്ക് പോയി. ആശ വീട്ടിലേക്കും മടങ്ങി. ഈ സമയം രതീഷിന്റെ ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ആശ രതീഷിനെ ഫോണിൽ വിളിച്ചപ്പോഴെല്ലാം കുഞ്ഞ് സുഖമായിരിക്കുന്നുവെന്നാണ് പറഞ്ഞത്.
അതിനിടെ കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞ സമയത്ത് ശബ്ദം പുറത്തുവരാതിരിക്കാൻ വായും മുഖവും അമർത്തിയതോടെയാണ് മരിച്ചതെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു. തുടർന്ന് കുളിമുറിയുടെ സമീപത്ത് കുഴിച്ചുമൂടി. മാധ്യമങ്ങളിൽ കുഞ്ഞിന്റെ വാർത്ത വന്നതോടെ മൃതദേഹം പുറത്തെടുത്ത് ശൗചാലയത്തിലേക്ക് മാറ്റി. കുഞ്ഞിനെ കത്തിക്കാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ലെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു.
രതീഷിനെതിരെ മാത്രമാണ് കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ആശയെ മാവേലിക്കര വനിത ജയിലിലേക്കും രതീഷിനെ ആലപ്പുഴ സബ്ജയിലിലേക്കും അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.