ബോംബെറിഞ്ഞതും മരിച്ചതുമെല്ലാം സി.പി.എമ്മുകാർ; എങ്ങുംതൊടാതെ പൊലീസ്
text_fieldsകണ്ണൂർ: കല്യാണ ആഘോഷത്തിനിടെ, ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ എങ്ങും തൊടാതെ പൊലീസ്. നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളിൽ ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളിൽ ചിലത് മാത്രമാണ് പൊലീസ് പുറത്തുവിടുന്നത്. തല ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബാണ് പ്രയോഗിച്ചതെന്ന് വ്യക്തം. എന്നാൽ, ഏറുപടക്കം വാങ്ങി സ്ഫോടകവസ്തുക്കൾ ചേർത്താണ് ആക്രമികൾ നാടൻ ബോംബുണ്ടാക്കിയതെന്നാണ് പൊലീസ് വിശദീകരിച്ചത്. കല്യാണവീട്ടിൽ തമ്മിൽ തല്ലിയ രണ്ടു സംഘങ്ങളും ബോംബെറിഞ്ഞതും ബോംബ് തലയിൽ വീണ് മരിച്ചതുമെല്ലാം സി.പി.എമ്മുകാരാണ്.
പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിന് പിന്നിലുള്ള കാരണവും അതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്.
പൊലീസ് നടപടിയിൽ വീഴ്ചയില്ലെന്ന് വിശദീകരിക്കുമ്പോഴും സംഭവിച്ചത് എന്താണ്, ആരൊക്കെയാണ് ഉൾപ്പെട്ടതെന്ന കാര്യങ്ങളിൽ പൊലീസ് മൗനംപാലിക്കുകയാണ്. കല്യാണവീട്ടിൽ സംഭവസമയത്ത് ആക്രമിസംഘത്തിൽ ഉണ്ടായിരുന്നവരിൽ നാലുപേരെ മാത്രമാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികൾക്കപ്പുറത്തേക്ക് അന്വേഷണംപോയിട്ടുമില്ല. സംഘത്തിലുള്ള മറ്റുള്ളവർ ഒളിവിലാണ്. ഇവരെക്കുറിച്ചും പൊലീസ് ഒന്നും പറയുന്നില്ല.
കല്യാണവീട്ടിൽ വരന്റെ സുഹൃത്തുക്കൾ ബോംബുമായി വന്ന സാഹചര്യം ഗൗരവത്തിൽ അന്വേഷിക്കേണ്ടതാണ്. ഇവർക്ക് ഉഗ്രശേഷിയുള്ള ബോംബ് എങ്ങനെ ലഭിച്ചുവെന്നതും അന്വേഷണത്തിൽ നിർണായകമാണ്. കണ്ണൂരിൽ ബോംബ് നിർമിക്കുന്നതും സൂക്ഷിക്കുന്നതും രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട സംഘങ്ങളാണ്. ഈ സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്നിരിക്കെ, ചൂണ്ടുവിരൽ സ്വാഭാവികമായും സി.പി.എമ്മിലേക്കാണ് നീളുന്നത്. പൊട്ടിയത് സി.പി.എമ്മിന്റെ ആയുധശേഖരത്തിലെ ബോംബാണെന്ന് കോൺഗ്രസ് ഉൾപ്പെടെ ആരോപിക്കുമ്പോൾ സി.പി.എം നേതൃത്വത്തിന്റെ പ്രതിരോധം ദുർബലവുമാണ്.
കേസിൽ ഉൾപ്പെട്ട പ്രതികൾ ശനിയാഴ്ച അർധരാത്രി ചേലോറ മാലിന്യ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ബോംബെറിഞ്ഞ് പരിശീലനം നടത്തിയിട്ടുണ്ടെന്ന ആരോപണം കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉന്നയിച്ചിട്ടുണ്ട്. ആ നിലക്കുള്ള അന്വേഷണവും പൊലീസ് തുടങ്ങിയിട്ടില്ല. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം ഏച്ചൂരിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യോപചാരം അർപ്പിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.