ബോംബ് നിർമാണം: പൊലീസിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നു -എ.ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആവർത്തിക്കുന്ന ബോംബ് നിർമാണവുമായി ബന്ധപ്പെട്ട സ്ഫോടനങ്ങൾ പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. കണ്ണൂരിലെ പാനൂരിലും തിരുവനന്തപുരത്തെ മണ്ണന്തലയിലുമുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി എ.ഡി.ജി.പി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഏതാനും മാസങ്ങളായി സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ക്രിമിനൽ പ്രവർത്തനങ്ങൾ വർധിക്കുന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ബുധനാഴ്ച തിരുവനന്തപുരം മണ്ണന്തലയിൽ ബോംബ് നിർമാണത്തിനിടെ കൗമാരക്കാരനടക്കം പരിക്കേറ്റ സംഭവമടക്കം ഇതിലേക്ക് വിരൽചൂണ്ടുന്നു. സ്ഫോടനത്തിൽ പതിനേഴുകാരന്റെ കൈപ്പത്തി അറ്റുപോവുകയും ഇരുപത്തിരണ്ടുകാരന് കാലിനും ഇടുപ്പിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. കടയിൽനിന്ന് സ്ഫോടകവസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനമുണ്ടായത്. ബോംബ് സ്ഫോടനങ്ങളുണ്ടായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മാനസിക പിന്തുണ നൽകണം. ആവശ്യമെങ്കിൽ എൻ.എസ്.ജി സേവനം ആവശ്യപ്പെടാം. എ.ഡി.ജി.പി, ജില്ല പൊലീസ് മേധാവിമാർ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നേരത്തേ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപെട്ടവരെ നിരീക്ഷിക്കുകയും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തുകയും ചെയ്യണം. ഓരോ സ്റ്റേഷൻ പരിധിയിലെയും റൗഡി ലിസ്റ്റിലുള്ളവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എസ്.എച്ച്.ഒമാർക്ക് നിർദേശം നൽകണം. ആളൊഴിഞ്ഞ പറമ്പുകളും വീടുകളും നിരീക്ഷിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതര ജില്ലകളിൽനിന്ന് വരുന്നവരെയും നിരീക്ഷിക്കണം. എക്സൈസുമായി ചേർന്ന് അതിർത്തികൾ കേന്ദ്രീകരിച്ചുള്ള പരിശോധന ഊർജിതമാക്കാനും സ്പെഷൽ ഡ്രൈവുകൾ കാര്യക്ഷമമാക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.