ഗംഗാവലി നദിയിൽനിന്ന് കണ്ടെത്തിയത് പശുവിന്റെ എല്ല്; സ്ഥിരീകരിച്ച് മംഗളൂരുവിലെ ലാബ്
text_fieldsഅംഗോള: ഉത്തര കന്നടയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ ഗംഗാവലി നദിയിൽനിന്ന് ഞായറാഴ്ച കണ്ടെത്തിയത് പശുവിന്റെ എല്ല്. മംഗളൂരുവിലെ ലാബ് ഇക്കാര്യം സ്ഥിരീകരിച്ചാതായി ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ അറിയിച്ചു. മനുഷ്യന്‍റെ കൈയുടെ അസ്ഥിയാണ് കണ്ടെത്തിയതെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കണ്ടെത്തിയത് പശുവിന്‍റെ എല്ലാണെന്ന് പ്രാഥമിക പരിശോധനയിൽതന്നെ തിരിച്ചറിഞ്ഞു.
അതേസമയം ഡ്രഡ്ജർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി, ഇത് അർജുന്റെ ലോറിയുടേതല്ല. ലോറിയിൽ തടി കെട്ടാൻ ഉപയോഗിക്കുന്ന കയറും കണ്ടെത്തിയിരുന്നു. നാവിക സേനയുടെ സോണാർ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ച ഭാഗത്താണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തിയിട്ടുണ്ട്.
ലോറിയുടമ മനാഫ് അടക്കമുള്ളവരുടെ സംഘം ഡ്രഡ്ജറിലെത്തി ഇന്ന് കണ്ടെത്തിയ മുഴുവൻ വസ്തുക്കളും പരിശോധിച്ചു. ടാങ്കർ ലോറിയുടെ നാല് ടയറുകളാണ് ഡ്രഡ്ജറിലുള്ളത്. നേരത്തെ അർജുനോടിച്ച ലോറിയുടേതെന്ന് കരുതുന്ന ക്രാഷ് ഗാർഡ് കണ്ടെത്തിയെന്നും ഇത് തന്റെ ലോറിയുടേതാണെന്നും ലോറിയുടമ മനാഫ് പറഞ്ഞിരുന്നു. എന്നാൽ ഡ്രഡ്ജറിലെ പരിശോധനയ്ക്ക് ശേഷം അത്തരമൊരു ക്രാഷ് ഗാർഡ് ലഭിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു.
മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തിങ്കളാഴ്ചത്തെ തിരച്ചിലിൽ പങ്കെടുത്തില്ല. ജില്ലാഭരണകൂടവും പൊലീസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനടുത്തായി ഇറങ്ങാൻ ശ്രമിച്ച മാൽപെയെ അതിന് അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.