സി.പി.എം.നേതാക്കളുടെ വീടിന് നേരെ ബോംബേറ്; ബീഫ് ഫെസ്റ്റിനോടുള്ള വിരോധമെന്ന് നിഗമനം
text_fieldsകൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരിൽ സി.പി.എം.നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പത്ത് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരുടെ പേരിൽ കുത്തുപറമ്പ് പോലീസ് കേസ്സെടുത്തു.ഇരു സംഭവങ്ങളിലുമായി ശങ്കരനെല്ലൂരിലെ സുജിൽ (19), ലിധിൻ (20), നിധീഷ് (22) എന്നിവരുൾപ്പെടെ പത്ത് പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഞായറാഴ്ച്ച രാത്രി ഒൻപതര മണിയോടെയാണ് ശങ്കരനെല്ലൂർ രചനാ ബ്രാഞ്ച് സെക്രട്ടറി സി.കെ.ചന്ദ്രൻ ,ശങ്കരനെല്ലൂർ സൗത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി കൈപ്പച്ചേരി രമേശ് ബാബു എന്നിവരുടെ വീടുകൾക്ക് നേരെ ബോംബേറുണ്ടായത്. രചനാ സെൻറർ ബ്രാഞ്ച് സെക്രട്ടറി സി.കെ.ചന്ദ്രന്റെ വീടിന് നേരെയാണ് ആദ്യം ബോംബെറുണ്ടായത്.
ശക്തമായ സ്പോടനത്തിൽ വീടിന്റെ ജനൽചില്ലു കളും വാതിലുമെല്ലാം തകർന്ന നിലയിലാണുള്ളത്.വീടിന്റെ മുറ്റത്ത് വൻകുഴിയും രൂപപ്പെട്ടിട്ടുണ്ട്. സ്പോടനത്തിനിടയിൽ ദേഹാസ്വസ്ത്യം അനുഭവപ്പെട്ട സി.കെ. ചന്ദ്രൻ (52)ഭാര്യ എ.സുമതി (48) മകന്റെ ഭാര്യദർശന (20) എന്നിവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ചന്ദ്രന്റെ വീടിന് നേരെ അക്രമം നടത്തിയ സംഘം തന്നെയാണ് അൽപ്പസമയത്തിന് ശേഷം ശങ്കരനെല്ലൂർ നോർത്ത് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രമേശ് ബാബുവിന്റെ വീടിന് നേരെയും ബോംബെറിഞ്ഞത്. വീടിന് മുന്നിലെ തെങ്ങിൽ തട്ടി ബോംബ് പൊട്ടിയതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. ശക്തമായ സ്പോടനത്തിൽ തെങ്ങിന്റെ ഓലകൾ ചിതറിയ നിലയിലാണുള്ളത്.
ഞായറാഴ്ച്ച വൈകിട്ട് മാങ്ങാട്ടിടം കിണറ്റിന്റവിട ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു.ബീഫ് ഫെസ്റ്റിനോടുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്.സി.പി.എം നേതാക്കളായ പനോളി വത്സൻ, എം.സുരേന്ദ്രൻ, കെ. ധനജ്ഞയൻ, ടി.ബാലൻ, പി.പി.രാജീവൻ തുടങ്ങിയവർ അക്രമത്തിനിരയായ വീടുകൾ സന്ദർശിച്ചു. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ്.പ്രവർത്തകരാണെന്ന് സി.പി.എം.നേതാക്കൾ ആരോപിച്ചു. കൂത്തുപറമ്പ് പോലീസും, ബോംബ് സ്ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് വീടുകൾക്ക് നേരെയുണ്ടായ ബോംബേറ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കയാണ് മാങ്ങാട്ടിടം മേഖലയിൽ പോലീസ് പട്രോളിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.