അമൃതാനന്ദമയിക്കെതിരായ പുസ്തക ചർച്ച: മാധ്യമപ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി
text_fieldsകൊച്ചി: മാതാ അമൃതാനന്ദമയിക്കും മഠത്തിനും അവിടത്തെ അന്തേവാസികൾക്കുമെതിരെ വിദേശ വനിത എഴുതിയ പുസ്തകം ചാനലിൽ ചർച്ച ചെയ്തതിന്‍റെ പേരിലെടുത്ത അപകീർത്തി കേസിൽ നിന്ന് രണ്ട് മാധ്യമപ്രവർത്തകരെ ഹൈകോടതി ഒഴിവാക്കി. രണ്ടും മൂന്നും പ്രതികളായ റിപ്പോർട്ടർ ചാനൽ എക്സി. എൻജിനീയർ പ്രകാശ്, മുൻ ഡയറക്ടർ ആന്‍ഡ് ചീഫ് എഡിറ്റർ നികേഷ് കുമാർ എന്നിവർക്കെതിരെ കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്. കേസ് നിലനിൽക്കില്ലെന്ന ഇവരുടെ ഹരജിയാണ് കോടതി പരിഗണിച്ചത്.
അമൃതാനന്ദമയി ഭക്ത നൽകിയ സ്വകാര്യ അന്യായത്തിലാണ് മൂന്നുപേർക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 18ലെ ‘ബിഗ് സ്റ്റോറി’ എന്ന പരിപാടിയിൽ ഗെയിൽ ട്രെഡ്വെൽ എഴുതിയ ‘ഹോളി ഹെൽ’ (വിശുദ്ധ നരകം) എന്ന പുസ്തകത്തെക്കുറിച്ച് നടന്ന ചർച്ചയാണ് കേസിനാസ്പദമായത്.
പുസ്തകത്തിൽ മഠത്തിനും അമൃതാനന്ദമയിയുമടക്കമുള്ളവർക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ഒന്നാം പ്രതി റിഷികുമാറാണ് ചർച്ചയിൽ സംസാരിച്ചത്. പുസ്തകത്തെക്കുറിച്ച് ഇയാൾ പറഞ്ഞ കാര്യങ്ങൾക്ക് ഹരജിക്കാർ ഉത്തരവാദികളല്ലെന്ന് കോടതി വിലയിരുത്തി. അതിനാൽ അപകീർത്തി കേസിൽ ഉൾപ്പെടുത്താനാവില്ല.
എന്നാൽ, കേസിൽ വാദിയോ പ്രതിയോ ആയി കക്ഷിയല്ലാത്തതിനാൽ ഒന്നാം പ്രതിക്കെതിരായ ആരോപണം പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ചാനൽ ചർച്ചയിൽ പറഞ്ഞതുപോലെ മഠത്തിനും അമൃതാനന്ദമയിക്കും അവിടുത്തെ മറ്റ് ചില അന്തേവാസികൾക്കുമെതിരായ ആരോപണങ്ങൾ പുസ്തകത്തിലുള്ളതായി കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.