ബുക്ക് ചെയ്ത വാഹനം കൃത്യസമയത്ത് കൊടുത്തില്ല; 2.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsറാന്നി: ബുക്ക് ചെയ്ത വാഹനം കൃത്യസമയത്ത് കൊടുക്കാത്തതുമൂലം ഡീലർ 2.10 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്ന് പത്തനംതിട്ട കൺസ്യൂമർ കമീഷെൻറ വിധി. മല്ലപ്പള്ളി വായ്പ്പൂര് കുടപ്പനയ്ക്കൽ കെ.ടി. രാജേഷ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ നല്കിയ പരാതി തീര്‍പ്പാക്കിയാണ് കമീഷെൻറ വിധി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ ഡീലറായ കൊല്ലം പോത്തൻസ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ എതിർകക്ഷിയായി ഫയൽചെയ്ത കേസിലാണ് വിധി.
ശബരി മിൽക്കിെൻറ പാൽ വിതരണംചെയ്ത് ഉപജീവനം നടത്തുന്ന വ്യക്തിയാണ് പരാതിക്കാരന്. ബൊലേറോ പിക്അപ് സിറ്റി വാന്‍ വാങ്ങാൻ 2020 ജൂലെയിൽ 10,000 രൂപ അഡ്വാൻസ് കൊടുക്കുകയും വാഹനത്തിെൻറ വിലയായ എട്ടുലക്ഷം രൂപ ജൂലൈ 21ന് ഡീലറുടെ ബാങ്ക് അക്കൗണ്ട് മുഖേന ഏൽപിക്കുകയും ചെയ്തു.
അഞ്ച് ദിവസം കഴിഞ്ഞ് വാഹനം ലഭിക്കുമെന്ന് ഡീലർ ഉറപ്പുനൽകിയതുകൊണ്ടാണ് മുൻകൂറായി മുഴുവൻ തുകയും അടച്ചത്. വാഹനം ഉടനെ നൽകുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഇൻഷുറൻസും താൽക്കാലിക പെർമിറ്റും എടുപ്പിച്ചെങ്കിലും 44ദിവസം കഴിഞ്ഞാണ് വാഹനം നൽകിയത്.
ഈ കാലയളവിൽ 3000 രൂപ ദിവസവാടകക്ക് മറ്റൊരു വാഹനം വാടകക്കെടുത്താണ് പാൽ വിതരണം നടത്തിയത്. ബാങ്കുവായ്പയുടെ 45ദിവസത്തെ പലിശയും തവണതുകയും അടക്കേണ്ടിയും വന്നു. ഡീലർക്ക് നോട്ടീസ് അയച്ചെങ്കിലും അവർ കമീഷനിൽ ഹാജരായില്ല. പരാതിയും തെളിവുകളും പരിശോധിച്ച കമീഷൻ പരാതി ശരിയാണെന്ന് കണ്ടെത്തുകയും നഷ്ടപരിഹാരവും കോടതി ചെലവുമുൾപ്പെടെ 2,10,500 നൽകാൻ വിധിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.