ഇല്ലാത്ത ഹോട്ടലിലേക്കും ബുക്കിങ്; തട്ടിപ്പുമായി ഓൺലൈൻ സൈറ്റുകൾ
text_fieldsകൊച്ചി: ഓൺലൈൻ ഹോട്ടൽ ബുക്കിങ്ങിെൻറ മറവിലും തട്ടിപ്പ് വ്യാപകം. കോവിഡ് പ്രതിസന്ധിയിൽ പ്രവർത്തനം നിർത്തിയ ഹോട്ടലുകളുടെ പേരിൽ ബുക്കിങ് സ്വീകരിച്ചാണ് ഓൺലൈൻ സൈറ്റുകൾ പണം തട്ടുന്നത്. ആശയവിനിമയത്തിന് സംവിധാനമോ വിലാസമോ ഇല്ലാത്ത ഇവക്കെതിരെ പരാതി നൽകാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് തട്ടിപ്പിനിരയായവർ.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിെൻറ പേരിലാണ് ഒടുവിൽ ഓൺലൈൻ ബുക്കിങ് സൈറ്റ് തട്ടിപ്പ് നടത്തിയത്. മുറി ബുക്ക് ചെയ്ത കുടുംബം ഹോട്ടലിൽ എത്തിയപ്പോഴാണ് അഞ്ച് മാസമായി പ്രവർത്തിക്കുന്നില്ലെന്ന് അറിയുന്നത്. ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവർക്കും വിവരം അറിയില്ല. ഇങ്ങനെ പ്രവർത്തനം അവസാനിപ്പിച്ച നിരവധി ഹോട്ടലുകളുടെ പേരിൽ പണം തട്ടുന്നുണ്ടെന്നാണ് വിവരം.
പണം മുഴുവൻ മുൻകൂറായി ഈടാക്കുകയാണ്. നെടുമ്പാശ്ശേരിയിൽ കുടുംബത്തോട് 1200 രൂപയാണ് വാങ്ങിയത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ചുരുക്കം മുൻനിര സൈറ്റുകളൊഴിച്ച് ബാക്കി പലതും അനധികൃതമാണ്. ഇവരുടെ സേവനത്തെക്കുറിച്ച് പരാതിപ്പെടാനോ അടച്ച പണം തിരിെക കിട്ടാനോ സംവിധാനമില്ല. കൃത്യമായ വിലാസമോ ഫോൺ നമ്പറോ ഇല്ല.
ബുക്കിങ് സൈറ്റുകൾക്ക് മേൽ ഹോട്ടലുകൾക്ക് നിയന്ത്രണമില്ല. കരാർ അവസാനിച്ചാലും പ്രവർത്തനം നിർത്തിയെന്ന് അറിയിച്ചാലും പട്ടികയിൽനിന്ന് ഹോട്ടലുകളെ ഒഴിവാക്കാറില്ല. ബന്ധപ്പെട്ട ഹോട്ടലിൽ മുറിയുടെ ലഭ്യത ഉറപ്പാക്കിയാണ് ഓൺലൈൻ ബുക്കിങ് സ്വീകരിക്കേണ്ടത്. എന്നാൽ, അനധികൃത സൈറ്റുകൾ ആരുമറിയാതെ ബുക്കിങ് സ്വീകരിച്ച് പണം തട്ടുകയാണ്. കബളിപ്പിക്കപ്പെടുന്നവർ പരാതിയുമായി മുന്നോട്ടുപോകാത്തത് സൗകര്യവുമാകുന്നു.
സ്വന്തം ഓൺലൈൻ സംവിധാനം നടപ്പാക്കും-കെ.എച്ച്.ആർ.എ
കൊച്ചി: മുറികൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നടപ്പാക്കാൻ പ്രാരംഭ നടപടിയായതായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ. ഭക്ഷണവിതരണത്തിന് ഏർപ്പെടുത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ റെസോയ് ആപ്പുമായി ബന്ധിപ്പിച്ചാകും സംവിധാനം.
ഇടത്തരം ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും പേരിലാണ് ഓൺലൈൻ ബുക്കിങ് തട്ടിപ്പുകൾ കൂടുതൽ. നിരവധി ഹോട്ടലുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ജയപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.