ബൂത്ത് ലെവൽ ഓഫിസർ തസ്തിക:സർക്കാർ ഉദ്യോഗസ്ഥർ മതിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsകോഴിക്കോട്: വോട്ടർപട്ടിക സംബന്ധിച്ച് ഗുരുതര പരാതികൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരെത്തന്നെ ബൂത്ത് ലെവൽ ഓഫിസർമാരായി (ബി.എൽ.ഒ) നിയമിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചു. ബി.എൽ.ഒമാരായി പരമാവധി നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് പദ്ധതി.
ഇവരുടെ അഭാവത്തിൽ മാത്രം മറ്റുള്ളവരെ പരിഗണിച്ചാൽ മതി എന്നാണ് കമീഷൻ തീരുമാനം. ഇതിനായി നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഡേറ്റബാങ്ക് രൂപവത്കരിക്കാൻ ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും (കലക്ടർ) ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാക്കും (തഹസിൽദാർ) മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി. മേയ് 20ന് അകം ബി.എൽ.ഒമാരായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ വാങ്ങണം. ഇതിനായി ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്കരണം നടത്തണം. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ബി.എൽ.ഒമാർ നിർവഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ഏറ്റവും താഴെ തട്ടിൽ പ്രതിനിധാനംചെയ്യുന്നവർ എന്നനിലയിൽ പ്രധാനപ്പെട്ട ചുമതലക്കാരായാണ് കമീഷൻ ബി.എൽ.ഒമാരെ പരിഗണിക്കുന്നത്. വോട്ടർ പട്ടിക പുതുക്കൽ യജ്ഞം -2022 ന്‍റെ ഭാഗമായി ഇലക്ഷൻ ഐഡി കാർഡ് തയാറാക്കിയപ്പോൾ വ്യാപകമായി തെറ്റുകൾ ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് പുതിയ നിർദേശം.
നിലവിൽ സർക്കാർ ജീവനക്കാർക്ക് പുറമെ, അംഗൻവാടി ജീവനക്കാർ, റിട്ട. ഉദ്യോഗസ്ഥർ എന്നിവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 10 വർഷം മുമ്പാണ് ബി.എൽ.ഒമാരെ നിയമിച്ചത്. ബി.എൽ.ഒമാരുടെ പ്രവർത്തനം വിലയിരുത്തി മോശം പ്രകടനം നടത്തുന്നവരെ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. ബി.എൽ.ഒമാരായി പ്രവർത്തിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥരുടെ അഭാവം വോട്ടർപട്ടികയുടെ കൃത്യത ഉറപ്പുവരുത്തുന്നതിന് തടസ്സമാകുന്നതായാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രവർത്തനങ്ങൾ മിക്കതും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായതോടെ പല ബി.എൽ.ഒമാർക്കും ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പരിമിതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കലും തള്ളലും സംബന്ധിച്ച് ഗുരുതരമായ പരാതികളാണ് ഉണ്ടാവാറുള്ളത്. ബി.എൽ.ഒമാർ രാഷ്ട്രീയ പക്ഷപാതം കാട്ടി എന്ന ആരോപണവും പതിവാണ്. സർക്കാർ ഉദ്യോഗസ്ഥരെതന്നെ നിയമിക്കുന്നതിലൂടെ കൂടുതൽ ഉത്തരവാദിത്തമുള്ള ബി.എൽ.ഒമാരെ ഉറപ്പുവരുത്താനാവുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലയിരുത്തൽ. ബി.എൽ.ഒക്ക് തന്‍റെ സ്വന്തം പോളിങ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കാം. ബി.എൽ.ഒമാരാവുന്ന ഉദ്യോഗസ്ഥരുടെ വകുപ്പുതല സ്ഥലംമാറ്റം ഇലക്ഷൻ കമീഷന്‍റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.
ഗസറ്റഡ് ജീവനക്കാർ, ആരോഗ്യ-ഗതാഗതമേഖലയിലെ ജീവനക്കാർ, പൊലീസ്, ഫയർഫോഴ്സ്,എക്സൈസ്, വനം വന്യജീവി ഉദ്യോഗസ്ഥർ, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവരെ ബി.എൽ.ഒമാരായി നിയോഗിക്കില്ല. അർധസർക്കാർ, പൊതുമേഖല, കമ്പനി, ബോർഡ്, കോർപറേഷൻ, ധനകാര്യ, ബാങ്കിംഗ്, ജുഡീഷ്യൽ ജീവനക്കാർ എന്നവരെയും ബി.എൽ.ഒമാരാക്കില്ല. റിട്ട.ജീവനക്കാരെയും പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.