വെള്ളംകിട്ടാൻ കുഴൽകിണർ കുഴിച്ചു, കിട്ടിയത് പ്രകൃതിവാതകം
text_fieldsആലപ്പുഴ: പുതുതായി നിർമിച്ച വീട്ടിലേക്ക് കുടിവെള്ളത്തിനായി കുഴിച്ച കുഴൽകിണറിൽനിന്ന് പ്രകൃതിവാതകം. തീ കാണിച്ചാൽ കത്തും. അപൂർവപ്രതിഭാസത്തിൽ അമ്പരപ്പ് മാറാതെ വീട്ടുകാർ. ആലപ്പുഴ നഗരസഭ തോണ്ടൻകുളങ്ങര വാർഡിൽ പുന്നയ്ക്കൽ വിക്ടറിന്റെ വീട്ടിലാണ് സംഭവം. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
വെള്ളിയാഴ്ച വൈകീട്ട് 6.25നാണ് സംഭവങ്ങൾക്ക് തുടക്കം. കുഴൽകിണർ 17 മീറ്റർ താഴ്ചയിലെത്തിയപ്പോഴാണ് പ്രകൃതിവാതകം കണ്ടെത്തിയത്. ജോലിക്കാർ തീ കാണിച്ചതോടെ ആളിക്കത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയെ അറിയിച്ചു. അവർ സ്ഥലത്തെത്തി ബോർവെൽ വാൽവ് ഉപയോഗിച്ച് അടച്ച് താൽക്കാലികമായി പ്രശ്നം പരിഹരിച്ചാണ് മടങ്ങിയത്.
നിലവിൽ പി.വി.സി പൈപ്പ് ഉപയോഗിച്ച് അടച്ചുവെച്ചിരിക്കുകയാണ്. തുറന്നാൽ നേരിയ ശബ്ദത്തോടെ അതിവേഗം പ്രകൃതിവാതകം പുറത്തേക്ക് വരും. 14 മീറ്റർ താഴ്ന്നപ്പോൾ നേരിയമണമുണ്ടായിരുന്നു.
കുഴിയുടെ ആഴംകൂടിയതോടെ മണ്ണിടയിൽനിന്ന് ഗന്ധമുണ്ടായതോടെ നടത്തിയ പരിശോധനയിലാണ് പ്രകൃതിവാതകമാണെന്ന് തിരിച്ചറിഞ്ഞത്. തീ കാണിച്ചാൽ ഗ്യാസ് കത്തുന്നതുപോലെ കത്തുകയാണ്. സമീപത്തെ വീട്ടിൽ 16 മീറ്റർ താഴ്ചയിൽ അടുത്തിടെ സ്ഥാപിച്ച കുഴൽകിണറിലെ വെള്ളത്തിന് കുഴപ്പമില്ല.
വെള്ളത്തിനായി ഉപയോഗിക്കാൻ വീട്ടുകാർ പുതിയ കുഴൽകിണർ കുത്തുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ആറാട്ടുവഴിയിലും കാളാത്തും സമാനരീതിയിൽ വീടുകളിൽ കുഴൽകിണർ കുഴിച്ചപ്പോൾ പ്രകൃതിവാതകം കണ്ടെത്തിയിരുന്നു. അവർ പാചകത്തിന് ഉപയോഗിക്കുകയാണെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റുകളായ ഷീനാമോൾ, കെ. ശ്രീജിത്ത്, മിനറൽ റവന്യൂ ഇൻസ്പെക്ടർ എസ്. പ്രിയ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. കാരണം കണ്ടെത്താൻ തിങ്കളാഴ്ച ഭൂഗർഭ ജലവകുപ്പ് അധികൃതർ കൂടുതൽ പരിശോധന നടത്തും.
അതേസമയം, മണ്ണിന്റെ ഘടനാപരമായ സ്വഭാവത്തിൽ ചിലയിടങ്ങളിൽ ഇത്തരം പ്രതിഭാസമുണ്ടാകുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.