സുമൈറക്കും മറിയത്തിനും ഇനി കേരളത്തിൽ ജീവിക്കാം
text_fieldsകൊച്ചി: പാകിസ്താനിൽ ജനിച്ച സുമൈറ മറൂഫിനും മറിയം മറൂഫിനും ഇനി ഇന്ത്യക്കാരായി കേരളത്തിൽ ജീവിക്കാം. ഇരുവർക്കും പൗരത്വം നൽകണമെന്ന് കേന്ദ്ര സർക്കാറിന് ഹൈകോടതി നിർദേശം നൽകി. വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ പരിഹാരമായത്. പൗരത്വം ഉപേക്ഷിച്ചെന്ന പാകിസ്താൻ സർക്കാറിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഇന്ത്യൻ ചട്ടം പരിഗണിക്കാതെ പാസ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. പാകിസ്താൻ പൗരത്വം ഉപേക്ഷിക്കുകയും ഇന്ത്യൻ പൗരത്വം കിട്ടാതിരിക്കുകയുംചെയ്ത സാഹചര്യത്തിൽ ഈ യുവതികളും മാതാവ് കണ്ണൂർ തലശ്ശേരി സ്വദേശിനി റഷീദബാനുവുമാണ് ഹൈകോടതിയെ സമീപിച്ചത്.
റഷീദബാനുവിന്റെ ഭർത്താവ് മുഹമ്മദ് മറൂഫ് ജനിച്ചത് കണ്ണൂരിലാണെങ്കിലും ഒമ്പതാം വയസ്സിൽ രക്ഷിതാക്കൾ മരിച്ചതോടെ 1977ൽ മുത്തശ്ശിയോടൊപ്പം പാകിസ്താനിലേക്ക് കുടിയേറി. എന്നാൽ, വിവാഹം കഴിച്ചത് തലശ്ശേരിയിലുള്ള അമ്മാവന്റെ മകൾ റഷീദ ബാനുവിനെയാണ്. ഇദ്ദേഹം ഇപ്പോൾ യു.എ.ഇയിൽ ജോലിചെയ്യുകയാണ്.
2008ൽ റഷീദയും മക്കളും കേന്ദ്രസർക്കാറിന്റെ അനുമതിയോടെ ഇന്ത്യയിലേക്ക് മടങ്ങി. നിശ്ചിതകാലം ഇന്ത്യയിൽ ജീവിക്കാൻ നൽകിയ അനുമതി പലതവണ പുതുക്കിനൽകി. തുടർന്ന് മക്കളുടെ പൗരത്വത്തിന് റഷീദബാനു അപേക്ഷ നൽകിയെങ്കിലും പാകിസ്താൻ പൗരത്വം ഉപേക്ഷിച്ചെന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അനുവദിച്ചില്ല. 21 വയസ്സ് തികയുംമുമ്പ് പാക് പൗരത്വം ഉപേക്ഷിച്ചതിനാൽ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നായിരുന്നു പാക് എംബസിയുടെ വിശദീകരണം. എന്നാൽ, ഇന്ത്യൻ പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് നൽകി. ഇതുപോരെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതോടെ യുവതികൾക്ക് ഒരു പൗരത്വവും ഇല്ലാത്ത സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.