കടമെടുപ്പ് പരിധി: കേന്ദ്ര -കേരള ചർച്ച പൊളിഞ്ഞു; സുപ്രീം കോടതി തീരുമാനിക്കും
text_fieldsന്യൂഡൽഹി: മാർച്ച് 31നുള്ളിൽ 5000 കോടി രൂപയിൽ കൂടുതൽ കടമെടുക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാറും ചുരുങ്ങിയത് 10,000 കോടിയെങ്കിലും കിട്ടാതെ കാര്യമില്ലെന്ന് കേരളവും ഉറച്ച നിലപാടെടുത്തതോടെ കടമെടുപ്പ് പരിധിയിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും നടത്തിയ ചർച്ച പൊളിഞ്ഞു. ഇരുകൂട്ടരും ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് കടമെടുപ്പിന് പരിധിവെച്ച രണ്ടു കേന്ദ്ര സർക്കാർ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ഇടക്കാല അപേക്ഷ സുപ്രീംകോടതി വിശദവാദത്തിനായി ഈ മാസം 21ലേക്കു മാറ്റി.
നേരത്തേ 13,608 കോടി രൂപ വായ്പയെടുക്കാൻ കേരളം സുപ്രീംകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്ന കേന്ദ്ര വ്യവസ്ഥ സുപ്രീംകോടതി പിൻവലിപ്പിച്ചിരുന്നു. അതിനുശേഷമാണ് 19,352 കോടി രൂപ കടമെടുപ്പിനുള്ള അനുമതി കേന്ദ്രത്തോട് തേടിയിരുന്നത്. വിഷയം കടുത്തതായതുകൊണ്ടാണ് തങ്ങൾ ചർച്ചക്ക് നിർദേശിച്ചതെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എന്നാൽ, അതിന് കേന്ദ്രം സന്നദ്ധമല്ലെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചപ്പോൾ സന്നദ്ധത നിയമാവകാശമല്ലെന്ന് കേന്ദ്രത്തിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ വെങ്കിട്ടരാമൻ പ്രതികരിച്ചു. എന്ത് നിയമാവകാശത്തെക്കുറിച്ചാണ് കേന്ദ്രം പറയുന്നതെന്ന് കപിൽ സിബലും തിരിച്ചടിച്ചു. കടം വാങ്ങാനും ജനങ്ങൾക്ക് കൊടുക്കാനുള്ളത് കൊടുക്കാനും കേന്ദ്രം സമ്മതിച്ചില്ലെങ്കിൽ അപരിഹാര്യമായ ഹാനി കേരളത്തിനുണ്ടാകും.
5000 കോടി രൂപകൊണ്ട് എവിടെയുമെത്തില്ലെന്നും കേന്ദ്രത്തിന്റെ ഈ നിലപാട് കേരളത്തെ പ്രയാസത്തിലാക്കുമെന്നും സിബൽ തുടർന്നു. ചുരുങ്ങിയത് 10,000 കോടിയെങ്കിലും കേരളത്തിന് വേണം. അതിനും കേന്ദ്രം കടുത്ത ഉപാധികൾ വെക്കും. കേരളത്തിന് ഇനി കടം വാങ്ങാൻ പറ്റില്ലെന്നാണ് അവർ പറയുന്നത്. പറ്റുമെന്നാണ് ഞങ്ങളുടെ വാദം. അവർ പറയുന്ന തരത്തിൽ അടുത്ത വർഷം സംസ്ഥാനത്തിന്റെ ചെലവ് നടത്താൻ കഴിയില്ല. കടം വാങ്ങാനുള്ള അവകാശമില്ല എന്നു പറയരുത്. ധനകമീഷൻ നിർദേശപ്രകാരം കേരളത്തിന് ഇനിയും വായ്പ വാങ്ങാൻ അർഹതയുണ്ട്. അത് വാദിക്കാൻ സമയം അനുവദിക്കണമെന്നും സിബൽ ബോധിപ്പിച്ചു. തുടർന്നാണ് കേരളത്തിന്റെ കടമെടുപ്പിന് പരിധിവെച്ച കേന്ദ്ര ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അന്തിമ വാദത്തിനായി 21ലേക്കു മാറ്റിയത്. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ കുറിപ്പ് മാധ്യമങ്ങൾ നൽകുന്നത് തങ്ങൾക്ക് അപകടകരമായിരിക്കുമെന്നും അതിൽനിന്ന് അവരെ വിലക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. എന്നാൽ, തുറന്ന കോടതിയിൽ വായിച്ചത് ഇതിനകം മാധ്യമങ്ങൾ ട്വീറ്റ് ചെയ്തു കഴിഞ്ഞുവെന്ന് ജസ്റ്റിസ് വിശ്വനാഥൻ പ്രതികരിച്ചു. കേന്ദ്രം കൈമാറിയ കുറിപ്പ് അവരുടെ ഭാഗം വ്യക്തമാക്കുന്നുണ്ടെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.