വീണ്ടും വരുമാനം കടം
text_fieldsതിരുവനന്തപുരം: കടമെടുപ്പിൽ കേന്ദ്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും വരുന്ന സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തിന്‍റെ ആകെ വരുമാനത്തിൽ 16.72 ശതമാനവും സമാഹരിക്കാൻ ലക്ഷ്യമിടുന്നത് കടമെടുക്കൽ വഴി. കേന്ദ്ര നികുതി വിഹിതമായി പ്രതീക്ഷിക്കുന്നത് 14.34 ശതമാനമാണ്. ഫലത്തിൽ കേന്ദ്ര വിഹിതത്തെക്കാൾ കൂടുതലാണ് കടമെടുക്കൽ. കിഫ്ബി, സാമൂഹിക സുരക്ഷ പെൻഷൻ എന്നിവ വഴി എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്‍റെ പൊതുകടമെടുപ്പിന്‍റെ ഭാഗമായി എണ്ണിയാണ് കേന്ദ്രം നിയന്ത്രണമേർപ്പെടുത്തിയത്.
സംസ്ഥാനം കടുത്ത സമ്മർദങ്ങളുയർത്തിയിട്ടും ഈ നിലപാടിൽ അയവുവരുത്താൻ കേന്ദ്രം തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഭവസമാഹരണത്തിൽ കടമെടുക്കലിൽ വലിയ പ്രതീക്ഷയർപ്പിച്ചുള്ള ബജറ്റ് സമീപനം.
പഞ്ഞകാലത്ത് ക്ഷേമകാര്യങ്ങൾക്ക് അധികം മുഖംകൊടുത്തില്ലെങ്കിലും ആഭ്യന്തര വളർച്ച പ്രതീക്ഷയാണ് സംസ്ഥാന ബജറ്റ് മുന്നോട്ടുവെക്കുന്നത്. 2023-24ലെ പുതുക്കിയ എസ്റ്റിമേറ്റുകളെ അപേക്ഷിച്ച് പുതിയ സാമ്പത്തിക വർഷം സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.എസ്.ഡി.പി) 11.68 ശതമാനമാകുമെന്നാണ് ബജറ്റിനൊപ്പം നിയമസഭയിൽ അവതരിപ്പിച്ച രേഖകളിലെ പ്രത്യാശ. ഒപ്പം തനത് നികുതി വരുമാനത്തിൽ 10.18 ശതമാനത്തിന്‍റെ വളർച്ചയും പ്രതീക്ഷിക്കുന്നു. 2022-23 കാലയളവിൽ ആഭ്യന്തര ഉൽപാദന നിരക്ക് 6.6 ശതമാനമാണ്. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് വലിയ ഇടിവാണെങ്കിലും കോവിഡ് കാല മാന്ദ്യത്തിനുശേഷമുള്ള കുതിച്ചുകയറ്റമെന്ന വാദമുന്നയിച്ചാണ് താരതമ്യങ്ങളിലെ വലിയ അന്തരത്തെ ധനവകുപ്പ് ന്യായീകരിക്കുന്നത്.
തനത് നികുതി ഉയരണമെങ്കിൽ ആളുകളുടെ കൈവശം പണമെത്തണം. അതിനുതകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. അതേസമയം, സ്വകാര്യ നിക്ഷേപമെത്തുന്നതോടെ തനത് വരുമാനത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒപ്പം വിവിധ നികുതി കുടിശ്ശികകളും പാട്ടക്കുടിശ്ശികയുമടക്കം പിരിച്ചെടുക്കാനും പ്രഖ്യാപിച്ച സമാശ്വാസ പാക്കേജുകൾ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.