എ-ഐ കളരിക്ക് പുറത്ത്; കായംകുളത്ത് ബ്ലോക്ക് പ്രസിഡന്റുമാരെ ഇരുഗ്രൂപ്പും ബഹിഷ്കരിക്കും
text_fieldsകായംകുളം: ബ്ലോക്ക് പ്രസിഡന്റ് പദവികൾ കെ.സി. വേണുഗോപാൽ പക്ഷം പിടിച്ചെടുത്തതോടെ കളരിക്ക് പുറത്തായ എ-ഐ ഗ്രൂപ്പുകൾ പ്രതിഷേധത്തിൽ.എ ഗ്രൂപ്പിൽനിന്ന് കെ.സി പക്ഷത്തേക്ക് ചുവടുമാറ്റിയ ടി. സൈനുല്ലാബ്ദീൻ നോർത്തിലും ചിറപ്പുറത്ത് മുരളി സൗത്ത് ബ്ലോക്കിലും പ്രസിഡന്റുമാരായത് ഇരുഗ്രൂപ്പിനും കനത്ത തിരിച്ചടിയായി. രണ്ട് ഗ്രൂപ്പും പങ്കിട്ടെടുത്തിരുന്ന പദവിയാണ് കെ.സി പക്ഷം സ്വന്തമാക്കിയത്.
ഗ്രൂപ് ബലത്തിൽ പദവി ഉറപ്പിച്ചിരുന്നവർ ഒഴിവാക്കപ്പെട്ടത് നേതാക്കൾക്കും ആഘാതമായി. സ്വന്തം പക്ഷത്തുനിന്നുപോയ രണ്ടുപേർക്ക് പുതിയ പദവി ലഭിച്ചത് എ ഗ്രൂപ്പിനാണ് കൂടുതൽ തിരിച്ചടിയായത്. പ്രബല ഗ്രൂപ്പുകളെ നിഷ്ഫലമാക്കി കെ.സി പക്ഷം കളംപിടിച്ചത് പ്രബല ഗ്രൂപ്പുകൾക്ക് കനത്ത നഷ്ടം വരുത്തുകയാണ്.
പുതിയ ഗ്രൂപ്പിലേക്ക് കൂടുതൽ ചുവടു മാറ്റത്തിനും ഇത് കാരണമാകുമെന്ന ഭയമാണ് നേതാക്കൾക്കുള്ളത്. ഇതോടെ ഗ്രൂപ് രാഷ്ട്രീയം വീണ്ടും സജീവമായിരിക്കുകയാണ്. രണ്ട് ഗ്രൂപ്പും കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്നിരുന്നു. പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ ബഹിഷ്കരിക്കാനാണ് ഇവരുടെ തീരുമാനം. വെള്ളിയാഴ്ച രാവിലെയാണ് പുതിയ പ്രസിഡന്റുമാർ ചുമതലയേൽക്കുന്നത്. ഈ ചടങ്ങ് ബഹിഷ്കരിക്കാനും ഇരു ഗ്രൂപ്പും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.