ഇരുകൈകളും പിന്നിൽ കെട്ടി; സൈറ സുൽത്താനയും അനഘയും പെരിയാർ നീന്തിക്കടന്നു
text_fieldsആലുവ: ഇരു കൈകളും പുറകിൽ കെട്ടി 15 വയസ്സുകാരിയും 27 വയസ്സുകാരിയും ആലുവയിൽ പെരിയാർ നദി നീന്തിക്കടന്നു. എടയപ്പുറം മണപ്പുറത്ത് വീട്ടിൽ സൈറ സുൽത്താനയും ചൊവ്വര പുത്തൻവേലി ഹൗസിൽ അനഘയുമാണ് കൈകൾ രണ്ടും പുറകിൽ കെട്ടി പെരിയാറിന് കുറുകെ നീന്തിയത്.
പെരിയാറിൽ 780 മീറ്ററോളം നീന്തിയാണ് ഇരുവരും മണപ്പുറം ദേശം കടവിൽ എത്തിയത്. ഇവിടെ വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബ് അംഗമായ കാസർകോട് ഡെപ്യൂട്ടി കലക്ടർ ജെഗ്ഗി പോളും നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ലൈസ ജോൺസണും മറ്റു ക്ലബംഗങ്ങളും പ്രമുഖരും ചേർന്ന് ഇരുവരെയും സ്വീകരിച്ചു.
പരിശീലകനായ സജി വാളശ്ശേരിയുടെ ശിക്ഷണത്തിലാണ് ഇരുവരും നീന്തൽ പരിശീലിച്ചത്. സാഹസിക നീന്തലിൽ സജി വാളശ്ശേരിയും ഇവർക്കൊപ്പമുണ്ടായിരുന്നു. മണപ്പുറം മണ്ഡപം കടവിൽ നിന്ന് രാവിലെ 7.55ന് ആരംഭിച്ച നീന്തൽ അൻവർ സാദത്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് ഹസീം ഖാലിദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബാബു കൊല്ലംപറമ്പിൽ എന്നിവർ പങ്കെടുത്തു.
എടയപ്പുറം മണപ്പുറത്തു വീട്ടിൽ അഡ്വ. അബ്ദുൽ റഹ്മാൻറേയും ഷൈലയുടെയും മകളായ സൈറ സുൽത്താന ആലുവ നിർമല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വര പുത്തൻവേലി ഹൗസിൽ പി.എ.സത്യന്‍റെയും മുൻ കായിക അധ്യാപിക ഹണിയുടെയും മകളായ അനഘ ഭർത്താവ് കെ.യു. സൂരജിനേയും മകൻ ദക്ഷിത്തിനേയും സാക്ഷിയാക്കിയാണ് സാഹസിക നീന്തലിൽ പങ്കെടുത്തത്.
സജിയുടെ കൃത്യമായ ശിക്ഷണത്തിൽ കഠിന പരിശീലനത്തിലൂടെയാണ് ഇരുവരും നീന്തലിന് ഒരുങ്ങിയത്. 13 വർഷമായി 5700ഓളം പേരെ സൗജന്യമായി നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. ഇതിൽ 1600ഓളം പേരെ പെരിയാറിന്‍റെ വീതി കൂടിയ ഭാഗം മുറിച്ച് നീന്തിക്കുകയും ചെയ്തിട്ടുണ്ട്. സൈറയുടെ ഉമ്മയും സഹോദരൻ സൽമാനും ഈ വർഷം നീന്തൽ പഠിച്ചവരിൽപെടുന്നു. 706 പേരാണ് ഈ വർഷം നീന്തൽ പഠിക്കുവാൻ ചേർന്നത്. നീന്തൽ പഠിച്ചവരിൽ നിന്നും 130 ഓളം പേർ 780 മീറ്ററോളം ദൂരത്തിൽ പെരിയാർ മുറിച്ചുകടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.