വിൽപനയിൽ വൻ ഇടിവ്; കുപ്പിവെള്ളം വിപണി പ്രതിസന്ധിയിൽ
text_fieldsബേപ്പൂർ: സംസ്ഥാനത്ത് കുപ്പിവെള്ളക്കച്ചവടം കുത്തനെ ഇടിഞ്ഞതോടെ, കമ്പനികൾ വൻ പ്രതിസന്ധിയിലായി. കോവിഡിനെ തുടർന്ന് കുപ്പിവെള്ള വ്യവസായം തളരുകയും അസംസ്കൃത വസ്തുക്കളുടെ വിലവർധനയും ഉടമകൾക്ക് കടുത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, കുപ്പിവെള്ള കച്ചവടം കുത്തനെ കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഓഡിറ്റോറിയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റിസോർട്ടുകൾ, തിയറ്ററുകൾ, ബാറുകൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങിയവ അടഞ്ഞുകിടന്നതുമൂലം വിൽപനയിൽ 80 ശതമാനത്തോളം കുറവുണ്ടായി.
ബാങ്ക് വായ്പ, വൈദ്യുതിബിൽ എന്നിവ ഇക്കാലയളവിൽ തിരിച്ചടക്കാൻ കമ്പനികൾക്ക് സാധിക്കാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി.ഇതിനിടെ, പെട്രോളിയം ഉൽപന്നമായ പ്ലാസ്റ്റിക് ബോട്ടിലുകളുടെ വില, കിലോക്ക് രണ്ട് മാസത്തിനിടെ 14 രൂപ കൂടി. പാക്കിങ് മെറ്റീരിയൽസിന് കിലോക്ക് 45 രൂപയും വർധിച്ചു.
അസംസ്കൃത വസ്തുക്കളുടെ വില നിർണയിക്കുന്നത് റിലയൻസ് കമ്പനിയാണ്. നിലവിൽ ഓരോ ആഴ്ചയിലും വിലയിൽ മാറ്റമാണ് വരുത്തുന്നത്. പ്രതിസന്ധിക്കിടയിലും തൊഴിലാളികളെ സ്ഥിരമായി നിലനിർത്തുന്നതിനാൽ കമ്പനി ഉടമകൾ വലിയ സാമ്പത്തികബാധ്യത നേരിടുന്നുണ്ട്. ഭൂരിഭാഗം കമ്പനികളും അടച്ചുപൂട്ടലിെൻറ വക്കിലെത്തി. അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കുകയും വ്യവസായത്തെ രക്ഷപ്പെടുത്തുന്നതിനാവശ്യമായ സഹായ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.