വീട്ടിൽ ഉറങ്ങിക്കിടന്ന ബാലനെ തെരുവുനായ കടിച്ചു
text_fieldsചാരുംമൂട്: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു. താമരക്കുളം ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ സായി കൃഷ്ണക്ക് നേരെയായിരുന്നു ആക്രമണം. കൈക്ക് പരിക്കേറ്റ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മുന്‍വാതിലും ഗേറ്റും തുറന്നു കിടന്ന സമയത്ത് വീടിനുള്ളിൽ കയറിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കടിയേറ്റതോടെ കുട്ടി നിലവിളിച്ച് ചാടിയെഴുന്നേറ്റു. മാതാവ് ഓടിയെത്തിയപ്പോഴേക്കും നായ വീടിനുള്ളില്‍നിന്ന് ഇറങ്ങിയോടിയിരുന്നു.
കഴിഞ്ഞ ദിവസം സംസാരശേഷിയില്ലാത്ത പതിനൊന്നുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടിൽനിന്ന് കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനിടെ രാത്രി ഒമ്പതോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വ്യാപകമായതോടെ, മനുഷ്യജീവന് ഭീഷണിയായ തെരുവ്നായ്ക്കളെ കർശന നിബന്ധനകളോടെ ഇല്ലായ്മ ചെയ്യാൻ പറ്റുമോയെന്ന് സർക്കാർ നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ചുവരികയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് തടസ്സം അനിമൽ വെൽെഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ കർക്കശ ചട്ടങ്ങളാണ്. കേന്ദ്ര ചട്ടങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടും കുടുംബശ്രീയെ എ.ബി.സി പ്രവർത്തനങ്ങളിൽനിന്ന് വിലക്കിയ അനിമൽ വെൽെഫയർ ബോർഡ് നടപടിക്കെതിരെയും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി മലപ്പുറത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.