പൊള്ളലേറ്റ ഒന്നര വയസ്സുകാരന് ചികിത്സതേടി അലഞ്ഞത് രാത്രി മുഴുവൻ
text_fieldsകാഞ്ഞങ്ങാട്: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. ഒരുരാത്രി മുഴുവൻ കുഞ്ഞ് ചികിത്സ കിട്ടാതെ ആംബുലൻസിൽ കഴിഞ്ഞു. തൈക്കടപ്പുറം സ്റ്റോർ ജങ്ഷനിലെ മത്സ്യത്തൊഴിലാളി അബ്ദുല്ലയുടെയും സാബിറയുടെയും മകൻ മുഹമ്മദ് സെയ്ദാണ് ദുരിതത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് കുട്ടിക്ക് പൊള്ളലേറ്റത്. ടേബിളിൽ വെച്ച തിളച്ച ചായ കുഞ്ഞ് അറിയാതെ എടുത്ത് കുടിക്കാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞ് മുഖത്തും നെഞ്ചത്തുമുൾപ്പെടെ പൊള്ളലേൽക്കുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടിയെ ഉടൻതന്നെ വീട്ടുകാർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് രാത്രി ഇവിടെ കഴിഞ്ഞ കുട്ടിയെ പിറ്റേദിവസം രാവിലെ വിദഗ്ധ ചികിത്സക്കായി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഒന്നര ദിവസത്തെ ചികിത്സക്ക് 4500 രൂപ ആശുപത്രി ബില്ലടച്ച നിർധന കുടുംബം ആറങ്ങാടിയിലെ ചാരിറ്റി സംഘടനയുടെ ആംബുലൻസിൽ കുട്ടിയെ മംഗളൂരു ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊള്ളലേറ്റവർക്കുള്ള പ്രത്യേക ഐ.സി.യുവിൽ കുട്ടിയെ ചികിത്സിക്കേണ്ടിവരുമെന്നും 80,000 രൂപയോളം ബില്ലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 20,000 രൂപ അടച്ചശേഷം മാത്രമേ അഡ്മിറ്റ് ചെയ്യാനാകൂവെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും കിട്ടിയില്ല.
ഇതോടെ കുട്ടിയുമായി കുടുംബം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തി. രാത്രി 10.15ഓടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ഡോക്ടറോട് കാര്യം പറഞ്ഞു. എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ അഡ്മിറ്റ് ചെയ്തില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഒരു മണിക്കൂറിനുശേഷം ഐ.സി.യുവിൽ ഒഴിവില്ലെന്നും വാർഡിൽ കിടത്താനും ആവശ്യപ്പെടുകയായിരുന്നു. പിറ്റേ ദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് പോകാമെന്നും പറഞ്ഞു. ഇതോടെ കുട്ടിക്കൊപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ ബഹളംവെച്ചു. മറ്റൊരു ആംബുലൻസിൽ രാത്രി ഒരു മണിക്ക് കണ്ണൂരിലെ ഒരു ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ഇവിടെയും ചികിത്സ നിഷേധിച്ചു.
ജില്ല ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത രേഖയില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. തുടർന്ന് പുലർച്ച രണ്ടോടെ ഇവർ കുഞ്ഞുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തി. എന്നാൽ, ഇവിടെയും പൊള്ളലേറ്റ കുഞ്ഞിനെ കിടത്തിച്ചികിത്സിപ്പിക്കാൻ ആവശ്യമായ ഐ.സി.യു ഒഴിവില്ലെന്ന മറുപടിയായിരുന്നു. വാർഡിൽ കിടത്താമെന്ന് പറഞ്ഞെങ്കിലും കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടായിരുന്ന കുടുംബം ഇതിന് തയാറായില്ല. ഇതോടെ ഇതേ ആംബുലൻസിൽ കുടുംബം കാഞ്ഞങ്ങാട്ട് തിരിച്ചെത്തി.
ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിയിപ്പോൾ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ എല്ലാ സംവിധാനമുണ്ടായിട്ടും ഭീമമായ തുക നൽകി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കേണ്ടി വന്നതിനാൽ എങ്ങനെ ആശുപത്രി ബില്ല് നൽകുമെന്ന ആധിയിലാണ് കുടുംബം. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ അസി. സർജൻ ഡോ. എസ്.എസ്. ഷംനയുടെ പരാതിയിൽ ബഹളംവെച്ച 50 പേർക്കെതിരെ കേസെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.