എം.എൽ.എക്കെതിരെ ബഹിഷ്കരണം: ട്വന്‍റി20ക്കെതിരെ പ്രതിഷേധം
text_fieldsകോലഞ്ചേരി: എം.എൽ.എയെ ബഹിഷ്കരിക്കുന്ന ട്വന്‍റി20 നിലപാടിനെതിരെ വ്യാപക പ്രതിഷേധം. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്‍റി20യാണ് ആഴ്ചകളായി പൊതുപരിപാടികളിൽ എം.എൽ.എയെ ബഹിഷ്കരിക്കുന്നത്. ഇതോടെ എം.എൽ.എ ട്വന്‍റി20 പോര് പുതിയതലത്തിലേക്ക് കടക്കുകയാണ്.
വിജയപ്രതീക്ഷ പുലർത്തിയ കുന്നത്തുനാട്ടിൽ അപ്രതീക്ഷിതമായി ഇടത് സ്ഥാനാർഥി പി.വി. ശ്രീനിജിൻ വിജയിച്ചതാണ് ട്വന്‍റി20ക്ക് തിരിച്ചടിയായത്. ട്വന്‍റി20 നേതൃത്വത്തിന്‍റെ ഏകാധിപത്യ ശൈലിയെ എം.എൽ.എ അംഗീകരിക്കാതെ വന്നതോടെ പോര് മൂത്തു. കിറ്റെക്സ് തൊഴിലാളികൾ നടത്തിയ കലാപവും ട്വന്‍റി20 പ്രവർത്തകൻ ദീപുവിന്‍റെ മരണവുമെല്ലാം പോര് വർധിപ്പിച്ചു.
ഇതിനിടെ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ പോര് സജീവമായി തുടർന്നു. ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി തോറ്റതോടെയാണ് കുന്നത്തുനാട്ടിൽ എം.എൽ.എയെ ബഹിഷ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ട്വന്‍റി20 സജീവമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന കർഷക ദിനാചരണ ചടങ്ങുകളിൽ നടന്ന ബഹിഷ്കരണം ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഇതേ സമയം ബഹിഷ്കരണം എം.എൽ.എയെ അപമാനിക്കുന്ന രീതിയിലേക്ക് കടന്നതോടെയാണ് ട്വന്‍റി20ക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയരാൻ കാരണം. ട്വന്‍റി20 നേതൃത്വത്തിന്‍റെ സവർണ ചിന്താഗതിയാണ് തനിക്കെതിരെയുള്ള ബഹിഷ്കരണത്തിന് പിന്നിലെന്നാണ് എം.എൽ.എയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.