സെമിനാർ ബഹിഷ്കരണം കോൺഗ്രസിന്‍റെ വിശ്വാസ്യത തകർക്കും -കാരാട്ട്
text_fieldsകണ്ണൂർ: പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം തീർത്തും നിരാശജനകമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ഇതിലൂടെ കോൺഗ്രസിന്‍റെ വിശ്വാസ്യതയാണ് തകരാൻ പോകുന്നത്. കണ്ണൂർ ടൗൺ സ്ക്വയറിലെ സി.എച്ച്. കണാരൻ നഗറിൽ 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയിൽ രാജ്യം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തിൽ ഇടതുപാർട്ടികളുമായി തനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും നേതൃത്വം വിലക്കിയതിനാലാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്നുമാണ് ഈ വിഷയത്തിൽ ശശി തരൂർ തനിക്ക് നൽകിയ വിശദീകരണം. കോൺഗ്രസ് നേതൃത്വത്തിന്‍റെ ഈ നിലപാട് ദൗർഭാഗ്യകരമാണ്. മതനിരപേക്ഷത തകർക്കുന്ന കേന്ദ്ര സർക്കാറിന്‍റെ നിലപാടിനെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്.
കേന്ദ്രം ഭരണഘടന സംവിധാനം ഉപയോഗിച്ച് രാജ്യത്തിന്‍റെ മതനിരപേക്ഷത തകർക്കുകയാണ്. ആർ.എസ്.എസാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്നത്. ഭരണ സംവിധാനത്തെയും നിയമ നിർമാണത്തെയും ഉപയോഗിച്ച് കേന്ദ്രം രാജ്യത്തിന്‍റെ മതേതരത്വത്തിന് കത്തിവെക്കുകയാണ്. കർണാടകയിലെ ഹിജാബ് നിരോധനം ഇതിന് തെളിവാണ്. ചില സംസ്ഥാനങ്ങളിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനുപോലും നിരോധനമാണ്. രാജ്യത്ത് കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കുകയാണ്. ഭരണഘടന ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നു. പൗരത്വത്തിനുവേണ്ടി മതംപോലും രാജ്യത്ത് പരിഗണന വിഷയമായത് ഇതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.