ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്; കൂരിരുട്ടിലെ നക്ഷത്ര തിളക്കം
text_fieldsചെർപ്പുളശ്ശേരി: 1918ൽ ഗാന്ധിജിയുടെ അഹ്വാനം ചെവികൊണ്ട് കോൺഗ്രസിൽ ചേർന്നവരിൽ പ്രധാനിയായിരുന്നു പത്തൊമ്പതുകാരനായ മോഴിക്കുന്നത്ത് മനക്കൽ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. ചെർപ്പുളശ്ശേരിയിൽ കോൺഗ്രസ് ഘടകം രൂപവത്കരിച്ച്, നേതാവായി ഉയർന്ന അദ്ദേഹം അധികാരികളുടെ കണ്ണിലെ കരടായി മാറി. പലപ്പോഴും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. 1920ൽ തന്‍റെ മന വകയുള്ള പുത്തനാൽക്കൽ ഭഗവതി ക്ഷേത്ര മൈതാനത്ത് ലോകമാന്യ തിലകന്‍റെ ഒന്നാം ചരമവാർഷികം വിലക്കിയിട്ടും സമ്മേളനം സംഘടിപ്പിച്ചതിലെ പക പൊലീസ് ക്രൂരമായാണ് തീർത്തത്.
ചെർപ്പുളശ്ശേരിയിലെ ജന്മ വീട്ടിൽനിന്ന് പൊലീസ് അദ്ദേഹത്തെ പിടികൂടി കെട്ടിവലിച്ച് ആദ്യം ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലും പിന്നീട് കാറൽമണ്ണ പട്ടാളപറമ്പിലും തുടർന്ന് കുതിരവണ്ടിക്ക് പിറകിൽ കെട്ടി നഗ്നപാദനായി വാണിയംകുളം വഴി ഷൊർണ്ണൂരിലേക്ക് 25 കിലോമീറ്റർ ഓടിക്കുകയും ചെയ്തു. തുടർന്ന് 6061 നമ്പറായി ബെല്ലാരി, കോയമ്പത്തൂർ ജയിലുകളിലേക്ക്. അദ്ദേഹത്തിനെതിരെ നിരവധി കള്ളക്കേസുകളും ചുമത്തി. വിഭജിച്ച് ഭരിക്കൽ നയമായി സ്വീകരിച്ച ബ്രിട്ടീഷ് അധികൃതർക്ക് ബ്രഹ്മദത്തൻ ഉയർത്തിപ്പിടിച്ച ജനാധിപത്യ അവകാശങ്ങളും മതമൈത്രി സന്ദേശങ്ങളും പൊറുക്കാവുന്നതിനുമപ്പുറമായിരുന്നു.
മലബാർ സമരങ്ങളെ വികലവും വിവാദവുമാക്കുന്നവർക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്‍റെ കൃതികൾ. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ പലരും പല ഭാഷ്യങ്ങളും ചമച്ചപ്പോഴും സമരങ്ങളുടെ കൂടെ സഞ്ചരിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത ദൃക്സാക്ഷിയുടെ വിവരണമായ ഖിലാഫത്ത് സ്മരണകൾ, കൂരിരുട്ടിൽ വഴിവിളക്ക് പോലെ തിളങ്ങി നിൽക്കുകയും വിലയേറിയ ചരിത്ര രേഖയുമായി അവശേഷിക്കുന്നു.
1897ൽ മോഴിക്കുന്നത്ത് മനയ്ക്കൽ നാരായണ സോമയാജിപ്പാടിന്‍റെയും സാവിത്രി അടി തിരിപ്പാടിന്‍റെയും മകനായി ജനിച്ചു. ചെറുപ്രായത്തിൽ തന്നെ വേദോപനിഷത്തുകളും സംസ്കൃത ഭാഷയിലും വ്യുൽപ്പത്തി കൈവരിച്ചു. ഋേഗ്വദം മനപ്പാഠമാക്കി. സംസ്കൃത കാവ്യ നാടകാദികളിൽ കഴിവ് നേടി. കാവ്യാസ്വാദനം, നിരൂപണ ശാഖകളിൽ പ്രത്യക കഴിവ് കൈവരിച്ചു. ഭാസന്‍റെയും കാളിദാസന്‍റെയും കൃതികളിൽ ആഴമേറിയ പരിജ്ഞാനം സിദ്ധിച്ചിരുന്നു.
മഹാകവി വള്ളത്തോളും നാലപ്പാട്ട് നാരായണ മേനോനും ആത്മമിത്രങ്ങളായിരുന്നു. ജയിൽ മോചിതനായി നാട്ടിൽ തിരിച്ചുവെന്നങ്കിലും സമുദായ ഭ്രഷ്ട് കൽപ്പിച്ചതിനാൽ ചെർപ്പുളശ്ശേരിയിൽനിന്ന് താമസം പട്ടാമ്പിയിലേക്ക് മാറ്റി. അമ്മയുടെ മരണാനന്തര ക്രിയകൾക്ക് പോലും ഭ്രഷ്ട് കാരണം പൂർണമായി പങ്കെടുക്കാൻ സാധിച്ചില്ല.
1932ൽ വള്ളിക്കുന്നിലുള്ള ഇടശ്ശേരി മനയിലെ സാവിത്രി അന്തർജനത്തെ വിവാഹം കഴിച്ചു. അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളും ഇവർക്ക് പിറന്നു. പ്രവർത്തന മണ്ഡലം പട്ടാമ്പിയിലേക്ക് മാറ്റിയതിനെ തുടർന്ന് വസതിയിൽ ഇ.എം.എസ്, വി.ടി. ഭട്ടതിരിപ്പാട് എന്നിവർ നിത്യസന്ദർശകരായിരുന്നു. യോഗക്ഷേമസഭയുടെയും നേതൃരംഗത്ത് ഇക്കാലത്ത് പ്രവർത്തിക്കുകയുണ്ടായി. പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്‍റായി 12 കൊല്ലം പ്രവർത്തിച്ചു. 1964 ജൂലൈ 26ന് 67ാം വയസ്സിൽ അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.