തിരുനെല്ലിയിലെ ബ്രഹ്മഗിരി എസ്റ്റേറ്റ്: ഇപ്പോഴും നികുതി അടക്കുന്നത് ബ്രിട്ടീഷ് സായ്പിന്റെ പേരിൽ
text_fieldsകോഴിക്കോട് : മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലേജിലെ ബ്രഹ്മഗിരി (ബി) എസ്റ്റേറ്റിന്റെ നികുതി അടക്കുന്നത് ഇപ്പോഴും ബ്രിട്ടീഷ് സായ്പിന്റെ പേരിലെന്ന് വില്ലേജ് രേഖകൾ. തിരുനെല്ലി വില്ലേജ് ഓഫിസർ മാന്തവാടി താലൂക്ക് തഹസിൽദാർക്ക് എഴുതിയ പോക്കുവരവ് സംബന്ധിച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. 2020ൽ രണ്ട് പേർ എസ്റ്റേറ്റ് ഭൂമി പോക്കുവരവ് ചെയ്യുന്നതിന് തിരുനെല്ലി വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിട്ടുണ്ട്.
നിലവിൽ മൈക്കിൾ വാനിങ്കൻ അടക്കമുള്ളവരുടെ പേരിലാണ് ബ്രഹ്മഗിരി ബി എസ്റ്റേറ്റ്. വില്ലേജിലെ ഭൂരേഖകൾ പ്രകാരം 1947ന് മുമ്പ് ബ്രിട്ടീഷ് പൗരന്മാരുടെ കൈവശത്തിൽ ആയിരുന്നു എസ്റ്റേറ്റ്. ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 81 പ്രകാരം താലൂക്ക് ലാൻഡ് ബോർഡിന്റെ ഇളവ് ലഭിച്ച കാപ്പി തോട്ടമാണിത്. വില്ലേജിലെ സെറ്റിൽമെന്‍റ് രജിസ്റ്റർ പ്രകാരം ബോത്ത വാനിങ്കൻ, മൈക്കിൾ വാനിങ്കൻ, റോബർട്ട് വാനിങ്കൻ എന്നിവരുടെ പേരിലുള്ളതുമായ ഭൂമിയാണ്.
നിലവിൽ രണ്ട് പേർ ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഭൂമി പോക്കുവരവ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതിലൊരാൾ സുരേഷ് മാത്യു ആണ്. 2020 ഡിസംബർ 23ന് ഈ ഭൂമിയുടെ പോക്കുവരവിന് സുരേഷ് മാത്യു അപേക്ഷ നൽകി. എസ്റ്റേറ്റിന്റെ പങ്കാളിത്ത ഉടമ്പടിയിൽ പങ്കാളികളായ കെ.ജെ. കുരുവിളയുടെ മുക്ത്യാർ ഏജന്റ് ആണ് സുരേഷ് മാത്യു.
അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള രേഖ പ്രകാരം 1974 ൽ ഈ വസ്തു ബ്രഹ്മഗിരി ബി എസ്റ്റേറ്റ് എന്ന പാർട്ട്ണർഷിപ് ഫേമായി രജിസ്റ്റർ ചെയ്തുവെന്നാണ്. 2020 ൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്നും രേഖപ്പെടുത്തി. എന്നാൽ, 1974 ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ഫേമിന്റെ പേരിലേക്ക് എസ്റ്റേറ്റ് പോക്കുവരവ് ചെയ്തിട്ടില്ല.
നിലവിൽ, മൈക്കിൾ വാനിങ്കൻ തുടങ്ങിയവരുടെ പേരിലാണ് ബ്രഹ്മഗിരി ബി എസ്റ്റേറ്റ് എന്ന പേരിൽ നികുതി അടക്കുന്നത്. രജിസ്ട്രാർ ഓഫ് ഫേംസിൽ രജിസ്ട്രർ ചെയ്ത പുനഃസംഘടിപ്പിച്ച പങ്കാളിത്ത ഉടമ്പടിയുണ്ടെന്ന് സുരേഷ് മാത്യുവിന്റെ അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിൻറെ പേരിൽ (ബ്രഹ്മഗിരി ബി എസ്റ്റേറ്റ്) പോക്കുവരവ് ചെയ്യുന്നതിന് നിയമപരമായ സാധുതയുണ്ടോ എന്നത് ജില്ലാ നിയമ ഓഫീസറുടെ നിയമോപദേശം ലഭിക്കണമെന്നാണ് വില്ലേജ് ഓഫിസർ നിർദേശിച്ചത്. ഇത് സബ് രജിസ്ട്രാർ മുഖാന്തിരം രജിസ്റ്റർ ചെയ്യുകയോ ഓൺലൈൻ വഴി വില്ലേജിൽ ലഭിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, ബ്രഹ്മഗിരി ബി എസ്റ്റേറ്റിനു വേണ്ടി പങ്കാളികളിൽ ഒരാളായ റാണ ജോർജ് എന്നയാൾ സർവേ നമ്പർ 130/29ൽ പെട്ട 16.19 ആർ വസ്തു സുൽത്താൻ ബത്തേരി സബ് രജിസ്ട്രാർ ഓഫിസിലെ 2020 നവംബർ 30ലെ വിലയാധാര പ്രകാരം വാങ്ങിയത് പോക്കുവരവ് ചെയ്യുന്നതിനും ഓൺലൈൻ വഴി അപേക്ഷ നൽകി. തിരുനെല്ലി വില്ലേജിൽ, തോൽപ്പെട്ടി ചെറുമാത്തൂർ വീട്ടിൽ സുരേഷ് ബാബു എന്നയാളുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണിതെന്നും അപേക്ഷയിൽ രേഖപ്പെടുത്തി.
ഈ ഭൂമിയും ബ്രഹ്മഗിരി ബി എസ്റ്റേറ്റിറ്റിന്റെ പേരിൽ പോക്കുവരവ് ചെയ്യുന്നതിന് സാധിക്കുമോ എന്നത് സംബന്ധിച്ച് നിയമോപദേശം ലഭിക്കണമെന്നാണ് വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടത്. 1947ന് മുമ്പ് വിദേശ കമ്പനികളുടെയും വ്യക്തികളുടെയും ഭൂമിക്ക് മേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് നൽകുന്നതിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന് ശേഷമാണ് ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഭൂമി പോക്കുവരവ് നടത്താൻ അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.