സി.പി.എം നേതൃത്വം ഇടപെട്ടിട്ടും പരിഹാരമായില്ല; ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി നിക്ഷേപകർ പ്രത്യക്ഷ സമരത്തിന്
text_fieldsകൽപറ്റ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ സി.പി.എമ്മിനെ വെട്ടിലാക്കി വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റി കോടികളുടെ കടബാധ്യതയുമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതിനെതുടർന്നാണ് നിക്ഷേപകർ പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങാൻ ഒരുങ്ങുന്നത്.
സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പ്രശ്നപരിഹാരമുണ്ടാവാത്തതിനെതുടർന്ന് കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് നിക്ഷേപകരുടെ നീക്കം. ഫാക്ടറി പ്രവർത്തനം ഏതാണ്ട് നിലക്കുകയും മാസങ്ങളായി നിക്ഷേപകർക്ക് പലിശ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്തപ്പോഴാണ് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെയും ബംഗളൂരുവിലെയും അഞ്ഞൂറിലധികം വരുന്ന നിക്ഷേപകർ പാർട്ടി നേതൃത്വത്തെ സമീപിച്ചത്.
നിക്ഷേപകരിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആയതിനാൽ പാർട്ടി ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ ഇവർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിരുന്നില്ല. എന്നാൽ, പ്രശ്നപരിഹാരത്തിന് മുന്നോട്ടുവെച്ച സമയം കഴിഞ്ഞ് മാസങ്ങളായിട്ടും തുടർനീക്കങ്ങളൊന്നും പാർട്ടിയുടെയോ സൊസൈറ്റിയുടെയോ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിനെ തുടർന്നാണ് പ്രത്യക്ഷ സമരത്തിനിറങ്ങാൻ ആക്ഷൻ കമ്മിറ്റി തയാറെടുക്കുന്നത്.
ഇതിന്റെ ഭാഗമായി 15ന് സുൽത്താൻ ബത്തേരിയിൽ നിക്ഷേപകരുടെ യോഗം ചേരാൻ തീരുമാനിച്ചതായി ആക്ഷൻ കമ്മിറ്റി കൺവീനർ എൽ.ആർ. മുരളി ‘മാധ്യമ’ത്തോട് പറഞ്ഞു. ആക്ഷൻ കമ്മിറ്റിയിൽ 107 നിക്ഷേപകരാണ് നിലവിൽ അംഗങ്ങൾ. 15ന് നടക്കുന്ന യോഗത്തിൽ കൂടുതൽ നിക്ഷേപകരെത്തുമെന്നാണ് ഭാരവാഹികൾ പറയുന്നത്. പാർട്ടി പറഞ്ഞതനുസരിച്ച് ഇത്രയും കാലം മിണ്ടാതിരുന്നുവെന്നും ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നും നിക്ഷേപകർ പറയുന്നു.
രണ്ടു നിക്ഷേപകർ പണം തിരിച്ചുകിട്ടുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നെങ്കിലും കലക്ടർ ജില്ല പൊലീസ് മേധാവിക്ക് കൈമാറിയതോടെ പരാതിക്കാർ പൊലീസ് നടപടി തൽക്കാലം വേണ്ടെന്നു പറഞ്ഞ് പിൻവാങ്ങിയിരുന്നു. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരുമാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും.
ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവർ ഇക്കൂട്ടത്തിലുണ്ട്. 10 മുതൽ 11 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് സൊസൈറ്റി പണം സ്വീകരിച്ചത്. 68 കോടിയോളം രൂപയാണ് ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപകർക്ക് നൽകാനുള്ളത്. 2022 ജൂൺ മുതലുള്ള പലിശയും മുടങ്ങിയിട്ടുണ്ട്.
വ്യക്തികളിൽനിന്ന് സമാഹരിച്ച തുകക്ക് പുറമെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍നിന്നും വിവിധ കുടുംബശ്രീകളിൽനിന്നുമായി കോടിക്കണക്കിന് രൂപയും സമാഹരിച്ചിരുന്നു. കേരള ചിക്കൻ പദ്ധതി നടത്തിപ്പിന് കോഴി കര്‍ഷകരില്‍നിന്ന് വിത്തുധനമായി വാങ്ങിയ വകയിൽ മൂന്നര കോടിയോളം രൂപ വിവിധ ജില്ലകളിൽ നല്‍കാനുണ്ട്. ഈ തുക തിരികെ കിട്ടുന്നതിന് കോഴി കര്‍ഷകര്‍ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പളം ഇനത്തിലും വൻ ബാധ്യത സൊസൈറ്റിക്കുണ്ട്.
മുൻ എം.എൽ.എയും സൊസൈറ്റി ചെയർമാനുമായിരുന്ന പി. കൃഷ്ണപ്രസാദിന്റെ കുടുംബവീട് ഉൾപ്പെടെയുള്ള ഭൂമി ജപ്തി ഭീഷണിയിലാണ്. സൊസൈറ്റിക്ക് വേണ്ടി ഈ സ്ഥലം ഈട് നൽകി ബാങ്കിൽ നിന്നെടുത്ത നാല് കോടിയോളം രൂപയുടെ വായ്പ തിരിച്ചടവ് മാസങ്ങളായി മുടങ്ങിയിട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.