ബ്രഹ്മപുരം ബി.പി.സി.എൽ പ്ലാൻറ്; സ്ഥലം വിട്ടുനൽകാൻ തീരുമാനം
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിനോട് ചേർന്ന് കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാൻറ് നിർമിക്കുന്നതിനായി ബി.പി.സി.എല്ലിന് സ്ഥലം വിട്ടുനൽകാൻ കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനമായി. ബി.പി.സി.എല്ലിനോട് ചേർന്നുകിടക്കുന്ന കോർപറേഷന്റെ പത്തേക്കറാണ് വിട്ടുനൽകുക.
പ്ലാന്റിന്റെ പ്രവർത്തനവും ചെലവുകളും ഉൾപ്പെടെ വിഷയങ്ങൾ സംബന്ധിച്ചുള്ള വിശദ റിപ്പോർട്ട് ബി.പി.സി.എൽ അധികൃതർ കൗൺസിലിൽ അവതരിപ്പിച്ചു. ബി.പി.സി.എൽ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് പ്രാഥമിക ചെലവ് 73 കോടിയും വാർഷിക പ്രവർത്തനച്ചെലവ് എട്ടുമുതൽ പത്തുകോടി രൂപ വരെയുമാണ്.
110 കോടിയാണ് ആകെ ചെലവ് വരുക. 25 വര്‍ഷത്തെ മെയിന്റനന്‍സ് കൂടി ഉള്‍പ്പെടുന്ന പ്ലാന്റാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പ്ലാൻറ് നിർമിക്കാൻ നവംബറിൽ മന്ത്രിസഭ അനുമതി നൽകിയിരുന്നു. 150 ടണ്‍ മാലിന്യത്തില്‍നിന്ന് ഗ്യാസ് ഉൽപാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, 150 എന്നത് 180 ടൺ വരെ വർധിപ്പിക്കാനാകും. മാലിന്യത്തിനുള്ള ഡിപ്പിങ് ചാർജ് ഈടാക്കാതെതന്നെയാണ് പദ്ധതി നടപ്പാക്കുക.
ബയോഗ്യാസ് കൂടാതെ സംസ്കരണത്തിലൂടെ ബാക്കിയാവുന്ന സ്ലറി (മിശ്രിതവളം) കർഷകർക്ക് വളമാക്കി നൽകാനാവുമെങ്കിൽ അങ്ങനെ ചെയ്യും, ഇല്ലെങ്കിൽ വീണ്ടുമൊരു സംസ്കരണ പ്രക്രിയയിലൂടെ കടത്തിവിട്ട് കൃത്യമായ രീതിയിൽ നിർമാർജനം ചെയ്യും. 150 ടൺ മാലിന്യം സി.ബി.ജി ആക്കി മാറ്റാൻ 10,000 ലിറ്റർ വെള്ളം ആവശ്യമാണ്.
മധ്യപ്രദേശിലെ ഇൻഡോറിൽ വിജയകരമായി നടപ്പാക്കിയതാണ് സി.ബി.ജി പ്ലാൻറ്. പ്ലാന്റിലേക്കുള്ള ഏഴുമീറ്റർ റോഡ് നിർമിച്ചുതരുക, നിർമാണത്തിനും പ്രവർത്തനത്തിനും ആവശ്യമായ ഒന്നര മെഗാ വാട്ട് വൈദ്യുതി വിതരണം ഒരുക്കിത്തരുക എന്നീ ആവശ്യങ്ങൾ ബി.പി.സി.എൽ കോർപറേഷനു മുന്നിൽ വെച്ചു. ഇക്കാര്യങ്ങൾ നടപ്പാക്കുമെന്ന് മേയർ എം. അനിൽകുമാർ ഉറപ്പുനൽകി.
ഈ വർഷം മാർച്ചിൽ നിർമാണം തുടങ്ങി 2025 മാർച്ചിലോ അതിനുമുമ്പോ പ്ലാൻറ് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മേയർ വ്യക്തമാക്കി. ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ എസ്. ശ്രീറാം, ഉന്നത ഉദ്യോഗസ്ഥരായ ജോർജ് തോമസ്, ഗോപാലകൃഷ്ണൻ, സന്തോഷ്, ഫെഡോ ഉദ്യോഗസ്ഥരായ വൈശാഖ്, അശോക് കുമാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കാനെത്തിയിരുന്നു.
അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടുമായി പ്രതിപക്ഷം; കിട്ടിയിട്ടില്ലെന്ന് മേയർ
കൊച്ചി: ബ്രഹ്മപുരം പ്ലാൻറിലെ സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന അഗ്നിരക്ഷാസേനയുടെ റിപ്പോർട്ടുമായി പ്രതിപക്ഷം കൗൺസിലിൽ. റിപ്പോർട്ടിൽ വ്യക്തമാക്കിയ അപാകതകൾ പ്രതിപക്ഷാംഗമായ എം.ജി. അരിസ്റ്റോട്ടിലാണ് അവതരിപ്പിച്ചത്. എന്നാൽ, അത്തരമൊരു റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ലെന്നും കലക്ടർക്കാണ് സമർപ്പിച്ചിട്ടുള്ളതെന്നും മേയർ വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാൽ മറുപടി നൽകും.
അതിൽ പറയുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. നിത്യേന 30ഓളം അഗ്നിരക്ഷാ സേനാംഗങ്ങൾ പ്ലാസ്റ്റിക് നനക്കുന്നുണ്ട്. എന്നാലും തീപിടിത്ത ഭീഷണിയും ആശങ്കയുമുണ്ട്. മേയ് കഴിയുംവരെ ഇത് നിലനിൽക്കും. ജൂണിൽ ബയോമൈനിങ് പ്രവർത്തനങ്ങൾ തുടങ്ങിയാൽ തീപിടിത്ത സാധ്യത ഉണ്ടാവില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.