ബ്രഹ്മപുരം കേസ്: പ്രതികളുടെ വിടുതൽ ഹരജി തള്ളി; മുൻ മന്ത്രി സി.വി. പത്മരാജന് നോട്ടീസ്
text_fieldsതിരുവനന്തപുരം: ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസിൽ കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതികളുടെ വിടുതൽ ഹരജി തള്ളി. വിചാരണ നടത്തിയാലേ പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് കണ്ടെത്താൻ കഴിയുവെന്നും പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന പ്രതിഭാഗം വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
കെ.എസ്.ഇ.ബി മുൻ ചെയർമാൻ വൈ.ആർ. മൂർത്തി, ആർ. ശിവദാസൻ, ജെ. ബെർട്രാം നെറ്റോ, ജനാർദനൻ പിള്ള, എം.കെ. പരമേശ്വരൻ നായർ, ജി. കൃഷ്ണകുമാർ എന്നിവർ നൽകിയ വിടുതൽ ഹരജിയാണ് കോടതി തള്ളിയത്. തുടർന്ന് കേസിലെ അഞ്ചാംപ്രതിയും മുൻമന്ത്രിയുമായ സി.വി. പത്മരാജന് നോട്ടീസ് നൽകി. ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസിൽ 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
1991 യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റിലേക്ക് ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.ടി പിൽസ്റ്റിക്കിൽനിന്ന് ഉയർന്ന വിലയ്ക്ക് നാല് ഡീസൽ ജനറേറ്ററുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് കണ്ടെത്തൽ. 1993 ഡിസംബർ 14ലെ കരാർ പ്രകാരം സർക്കാർ ഖജനാവിന് നാലരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.