ബ്രഹ്മപുരം; അപകടം ഒഴിവാക്കാൻ വിപുല കർമപദ്ധതി
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഏതെങ്കിലും അപകട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രത്യേക പ്രവർത്തനമാനദണ്ഡം (സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ) ഉടൻ തയാറാക്കാൻ മന്ത്രി പി. രാജീവ് നിർദേശിച്ചു. ദുരന്ത നിവാരണ വിഭാഗം തയാറാക്കുന്ന പ്രവർത്തനമാനദണ്ഡത്തിൽ അപകട സാഹചര്യത്തിൽ ഏതെല്ലാം ഉദ്യോസ്ഥരെയാണ് ബന്ധപ്പെടേണ്ടത്, ഓരോരുത്തരുടെയും ചുമതല ഏതെല്ലാം തുടങ്ങിയ വിവരങ്ങൾ ഉണ്ടാകണം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും മന്ത്രി നിർദേശിച്ചു. സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ല മെഡിക്കൽ ഓഫിസ് എന്നിവയുമായി ആലോചിച്ച് ആശുപത്രികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സ്ഥിതി വിലയിരുത്തണം.
മാലിന്യ പ്ലാന്റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ വകുപ്പുകള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് നിർദേശം. മന്ത്രിയും കൊച്ചി മേയർ എം. അനിൽകുമാറും ഓണ്‍ലൈനായി പങ്കെടുത്തു. തീപിടിത്തമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാൻ നിര്‍ദേശം നല്കി.
പ്ലാന്റില്‍ ഓട്ടോമാറ്റിക് വെറ്റ് റൈസര്‍, ഫയർ ഹൈഡ്രന്റുകൾ എന്നിവ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പത്ത് ഫയർ ഹൈഡ്രൻറുകൾ പ്രവർത്തനസജ്ജമായി. മൂന്ന് ഫയർ മോണിറ്ററുകളും സജ്ജമായിട്ടുണ്ട്. ഉൾഭാഗത്തേക്കുള്ള റോഡുകൾ ഫയർ ടെൻഡറുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ ബലപ്പെടുത്താനുള്ള നടപടികൾ 25 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ഉത്തരവ് പുറത്തിറക്കും. ഈ റോഡിൽ ഫയർ എൻജിനുകൾ ഓടിച്ച് രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.
പ്ലാൻറിൽ വൈദ്യുതി തടസ്സമുണ്ടായാൽ ഉപയോഗിക്കാൻ 200 കിലോവാട്ടിന്റെ ജനറേറ്റർ വാടകക്കെടുത്ത് സ്ഥാപിച്ചിട്ടുണ്ട്. പുതിയ ഒരുലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് മൂന്ന് ദിവസത്തിനകം സ്ഥാപിക്കും. ടാങ്കിലേക്കുള്ള കണക്ഷൻ ലഭ്യമാക്കാനും പ്ലാറ്റ്ഫോം നിർമിക്കാനുമുള്ള പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കും. പ്ലാന്റിലെ സി.സി ടി.വി കാമറയിലെ ദൃശ്യങ്ങൾ പൊലീസും ദുരന്ത നിവാരണ വിഭാഗവും പരിശോധിക്കും. ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് പ്ലാൻറ് നനക്കാൻ 50 ഫയർ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി കോർപറേഷന് സെക്രട്ടറി ചെല്‍സ സിനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി.ഇ. അബ്ബാസ്, ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ടി.കെ. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.