ബ്രഹ്മപുരം: ശാക്തീകരണ സമിതിക്ക് വിശാലാധികാരം -മന്ത്രി
text_fieldsതിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപവത്കരിച്ച എംപവേര്‍ഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നല്‍കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കമ്മിറ്റിക്ക് ദുരന്തനിവാരണ നിയമത്തിലെ 24 (എൽ) പ്രകാരമുള്ള അധികാരങ്ങളാണുള്ളത്. ഇതനുസരിച്ച് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയാറാക്കാനും, കോര്പറേഷൻ മുഖേന നടപ്പാക്കാൻ നിര്‍ദേശം നല്‍കാനും അധികാരമുണ്ടായിരിക്കും. മാലിന്യ സംസ്കരണത്തിനുള്ള പ്രചാരണ കാമ്പയിന് സംഘടിപ്പിക്കാനുള്ള പദ്ധതി കോര്‍പറേഷനോട് നിര്‍ദേശിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. കമ്മിറ്റിയുടെ നിര്‍ദേശം ഏതെങ്കിലും കാരണവശാൽ കോര്പറേഷൻ നടപ്പാക്കിയില്ലെങ്കിൽ പ്രവര്‍ത്തനം നേരിട്ട് ഏറ്റെടുത്ത് നടത്താൻ കമ്മിറ്റിക്ക് കഴിയും. ഇതിനായി കോര്‍പറേഷന്റെ വികസന ഫണ്ട് ഉള്‍പ്പെടെ വകയിരുത്താന്‍ ആവശ്യമായ നിര്‍ദേശം നല്‍കാം.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശം തയാറാക്കി കോര്പറേഷൻ കൗൺസിലിന് മുമ്പാകെ എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കാം. നിര്‍ദേശം കൗൺസിൽ അംഗീകരിക്കാതിരിക്കുകയോ നടപ്പിലാക്കാതിരിക്കുകയോ തീരുമാനമെടുക്കാൻ വൈകുകയോ ചെയ്താൽ എംപവേര്‍ഡ് കമ്മിറ്റിക്ക് നേരിട്ട് അംഗീകാരം നല്കി പദ്ധതി നടപ്പാക്കാനാകും. ആവശ്യമായ ഫണ്ട് കോര്‍പറേഷനോട് ലഭ്യമാക്കാൻ നിര്‍ദേശിക്കാം.
ഇതോടൊപ്പം മാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നടപടികള്‍ കോര്പറേഷൻ സ്വീകരിച്ചില്ലെങ്കിൽ ഇടപെട്ട് നടപ്പാക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ട്. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോര്‍പറേഷനിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും ശാശ്വത പരിഹാരം കാണാനുമാണ് എംപവേര്‍ഡ് കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.