ബ്രഹ്മപുരം: കരാർ മൂന്നാമത് കമ്പനിക്ക് നൽകിയതിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് തേടി
text_fieldsകൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ ഖരമാലിന്യ സംസ്കരണം മൂന്നാമതൊരു കമ്പനിക്ക് നൽകിയത് സംബന്ധിച്ച അന്വേഷണത്തിന് അമിക്കസ് ക്യൂറിക്ക് ഹൈകോടതി നിർദേശം. കരാർ നൽകിയതിൽ വീഴ്ചകളുണ്ടെങ്കിൽ റിപ്പോർട്ടിൽ വ്യക്തമാക്കാനും ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
കരാർ സംബന്ധിച്ച രേഖകളുടെ പകർപ്പുകൾ അമിക്കസ് ക്യൂറിക്ക് കൊച്ചി നഗരസഭ സെക്രട്ടറി ചൊവ്വാഴ്ച വൈകുന്നേരത്തിനകം നൽകണം. അമിക്കസ് ക്യൂറി ഈ രേഖകൾ പരിശോധിച്ച് ഏപ്രിൽ പത്തിനകം റിപ്പോർട്ട് നൽകണം. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഹൈകോടതി സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് ഈ നിർദേശം. ഹരജി വീണ്ടും ഏപ്രിൽ 11ന് പരിഗണിക്കും.
സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറിയും എറണാകുളം ജില്ല കലക്ടറും മലിനീകരണ നിയന്ത്രണ ബോർഡും റിപ്പോർട്ടുകൾ നൽകിയിരുന്നു. മറ്റ് ജില്ലകളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ നിയോഗിച്ച മറ്റ് അമിക്കസ് ക്യൂറിമാർ ഇവ പരിശോധിച്ച് ഏപ്രിൽ പത്തിനകം റിപ്പോർട്ട് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.