ബ്രഹ്മപുരം തീപിടിത്തം: സി.ബി.ഐ അന്വേഷിക്കണം, പ്രതിപക്ഷം സഭ ബഹിഷ്‍കരിച്ചു, ഡയോക്സിൻ കലർന്ന വിഷപ്പുകയാണ് കൊച്ചിയിലുള്ളത്
text_fieldsതിരുവനന്തപുരം: അഴിമതിപ്പുക, മാലിന്യ പുക എന്ന മുദ്രാവാക്യമുയർത്തി ബഹ്മപുരം തീപിടിത്തം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചത്. ബഹ്മപുരത്ത് കരാറുകാരെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണം നടത്താത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മാലിന്യം മനപൂർവ്വം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഒരു നാടിനെയാകെ വിഷ പുകയിലാക്കിയ കരാറുകാരനെ രക്ഷിക്കാനായി സംസാരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ് ചെയ്തതത്.
ഇവിടെ, കഴിഞ്ഞ ദിവസമാണ് മാസ്ക് ധരിക്കണമെന്ന് മന്ത്രി പറഞ്ഞത്. 10ാം ദിവസമാണിത് പറയുന്നത്. ആദ്യത്തെ അഞ്ച് ദിവസം കൊച്ചിൽ ഒരു കുഴപ്പവുമില്ലെന്ന് ആരോഗ്യമന്ത്രി ആരോട് ചോദിച്ചാണ് പറഞ്ഞത്. കരാർ കമ്പനിയെ ന്യായീകരിക്കുന്ന മന്ത്രിമാരാണുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിലെ അന്വേഷണ ഏജൻസി ഭരിക്കുന്നതിൽ അർത്ഥമില്ല. സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. ദുരിതത്തിനിരയായ മുഴുവൻ ആളുകൾക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തദ്ദേശ വകുപ്പ് മന്ത്രി കരാർ കമ്പനിയുടെ വക്താവായി മാറിയെന്നും സതീശൻ കുറ്റപ്പെടുത്തി. ഡയോക്സിൻ കലർന്ന വിഷപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചത്. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയൽ ജില്ലകളിലേക്ക് വരെ വിഷപ്പുക വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കത്തിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ രക്തത്തിൽ കലർന്നാൽ കാൻസർ, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങളുണ്ടാകും. ഇപ്പോഴും തീ പടർന്ന് പിടിക്കുകയാണ്. ഡയോക്സിൻ കലർന്ന പുകയാണ് പടരുന്നത്. വളരെ അപകടകരമാണ് സ്ഥിതി. ദീർഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന വിഷയമാണ്. ആരോഗ്യ പ്രവർത്തകർ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
അമേരിക്ക വിയറ്റ് നാം യുദ്ധത്തിൽ ഉപയോഗിച്ച ഏജന്റ് ഓറഞ്ചിൽ ഡയോക്സിനാണുള്ളത്. ഇത്രയേറെ വിഷം പടരുമ്പോഴും പത്താം ദിവസം മാത്രമാണ് ജനങ്ങളോട് മാസ്ക് ധരിക്കാൻ ആരോഗ്യമന്ത്രി പറഞ്ഞത്. എന്ത് ക്രൈസിസ് മാനേജ്‌മന്റാണിത്. ഇത്രയും ഗുരുതര വിഷ വാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഒരു ഏജൻസിയെ വെച്ച് അന്വേഷണം നടത്തിയോ? വളരെ ലാഘവത്തോടെയാണ് സർക്കാർ ഇതിനെ നേരിട്ടത്. ആർക്കും ഉത്തരവാദിത്വമില്ലാത്ത സ്ഥിതി. എല്ലാവരും കൈ കഴുകുന്നു. മാലിന്യ മല ഉണ്ടാക്കിയത് യുഡിഎഫ് എന്നാണ് ഇപ്പോൾ പറയുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൃത്യമായി കാര്യങ്ങൾ ചെയ്യണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.