കനലടങ്ങാതെ ബ്രഹ്മപുരം; ശ്വാസംമുട്ടി കൊച്ചി
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം നാലുദിനം പിന്നിടുമ്പോഴും പ്ലാന്റിന്റെ സമീപങ്ങളിലും കൊച്ചി നഗരത്തിലും പുകയടങ്ങിയില്ല. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, പുകമൂലം ജനം വലയുകയാണ്.ആദ്യദിനങ്ങളിൽ പ്ലാന്റിന്റെ സമീപങ്ങളായ ബ്രഹ്മപുരം, കരിമുകൾ, കാക്കനാട്, പിണർമുണ്ട, ഇരുമ്പനം അടക്കമുള്ള പ്രദേശങ്ങളിൽ രൂക്ഷമായിരുന്ന പുക രണ്ടുദിനം പിന്നിട്ടതോടെയാണ് കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും വ്യാപിച്ചത്.
കരിങ്ങാച്ചിറ, മരട്, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ഭാഗങ്ങളിലേക്കെല്ലാം പുകയെത്തി. പുലർകാലങ്ങളിൽ പരസ്പരം കാണാൻപോലും കഴിയാത്ത വിധമായിരുന്നു പലയിടത്തും പുക. ഇതോടെ നഗരത്തിലെ അന്തരീക്ഷ മലിനീകരണതോതും ഉയർന്നു. പി.എം. 2.5 വായു മലിനീകരണ തോത് 105 മൈക്രോഗാമായി ഉയർന്നു. തീപിടിത്തത്തിന് തലേദിവസം ഇത് 66 മൈക്രോഗ്രാമായിരുന്നു. ഇതുപോലെ തന്നെ പി.എം. 10 മലിനീകരണ തോത് 148.41 ആയി കുത്തനെ ഉയർന്നിട്ടുണ്ട്. 40 മൈക്രോഗ്രാമിന് മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് ഹാനികരണമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇരുപത്തേഴോളം ഫയർ എൻജിനുകൾ അശ്രാന്തപരിശ്രമം നടത്തുമ്പോഴും ഉച്ചകഴിഞ്ഞുണ്ടാകുന്ന കാറ്റാണ് വില്ലനാകുന്നത്.കാറ്റ് വീശുന്നത് തീപടരുന്നതിനും പുക വ്യാപിക്കുന്നതിനും കാരണമാകുകയാണ്. തീ നിയന്ത്രണ വിധേയമായാലും രണ്ടുദിവസം കൂടി കുറഞ്ഞ നിലയിലെങ്കിലും പുക ശല്യമുണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിപ്പ്.
പുകയുന്ന ദുരൂഹത
പള്ളിക്കര: ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചതിലും അണയ്ക്കാൻ അധികൃതർ ഗൗരവമായി ശ്രമിക്കാതിരുന്നതിലും ദുരൂഹത വർധിക്കുന്നു. ജനങ്ങൾ ഉന്നയിക്കുന്ന ഈ ദുരൂഹതക്ക് സാധൂകരണം നൽകുന്നതാണ് കോർപറേഷൻ, ജില്ല ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടെ കാണിച്ച അനാസ്ഥ. തീപിടിച്ചത് ആദ്യം പ്ലാന്റിന് പടിഞ്ഞാറുഭാഗത്തെ ഒറ്റപ്പെട്ട ഒരു പ്ലാസ്റ്റിക് കൂനക്കാണ്. ഈ കൂനക്ക് താഴെവരെ അഗ്നിശമന സേന വാഹനം പോകാനുള്ള വഴിയുണ്ടായിരുന്നു. ഇതിനുചേർന്നുതന്നെ അടിയന്തര സാഹചര്യങ്ങളിൽ വെള്ളം ചീറ്റിക്കാനായി സ്ഥാപിച്ച പമ്പിങ് യൂനിറ്റുമുണ്ട്.
എന്നിട്ടും ഉടൻ അണക്കാനായില്ല. പമ്പിങ് യൂനിറ്റുകൾ മലകൾക്കിടയിൽ 11 എണ്ണമാണ് ഉള്ളത്. ഇവ തീപിടിത്ത സമയത്ത് പ്രവർത്തിച്ചില്ല. മറ്റു മാലിന്യമലകളിലേക്ക് പിടിക്കാതിരിക്കാൻ അവ നന്നായി നനക്കാനും കഴിഞ്ഞില്ല. പ്ലാന്റിന് ചേർന്നുതന്നെയാണ് കടമ്പ്രയാർ ഒഴുകുന്നത്. എത്ര വെള്ളം വേണമെങ്കിലും അവിടെനിന്ന് എടുക്കാൻ കഴിയുമായിരുന്നിട്ടും വെള്ളിയാഴ്ച കുടിവെള്ള ടാങ്കറിൽ പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതും കാണാമായിരുന്നു.
ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയായ കലക്ടർ പ്ലാന്റിൽ വന്നത് സ്ഥിതി ഗുരുതരമായ വെള്ളിയാഴ്ച വൈകീട്ടാണ്. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള മറ്റ് ജനപ്രതിനിധികളും വെള്ളിയാഴ്ച അർധരാത്രിവരെ തീപിടിച്ച പ്രദേശത്ത് തുടർന്നപ്പോൾ കൊച്ചി കോർപറേഷനിലെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്രമാണ് തങ്ങിയത്. തൊഴിലാളികളെ അടിയന്തരമായി മാറ്റിത്താമസിപ്പിക്കാൻപോലും നടപടി ഉണ്ടായില്ല. നാട്ടുകാർ ബഹളം വെച്ചപ്പോൾ മാത്രമാണ് കുട്ടികൾ ഉൾപ്പെടെയുള്ള പ്ലാന്റിലെ തൊഴിലാളി കുടുംബങ്ങളെ മാറ്റിയത്.
കോടികൾ മുടക്കി യന്ത്രങ്ങൾ സ്ഥാപിച്ച പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റിലും തീപിടിച്ചു. ബയോമൈനിങ് ജോലി നടക്കുന്ന സമയത്തുണ്ടായ തീപിടിത്തമായതിനാൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ കരാറുകാരനെ സഹായിക്കാനാണ് എന്ന ഗുരുതര ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഉന്നത സി.പി.എം നേതാവിന്റെ അടുത്ത ബന്ധുവാണ് കരാറുകാരൻ. പ്ലാന്റിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് വാർഡ് മെംബർ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഭീകരത വ്യക്തമാക്കി സജിത മഠത്തിലിന്റെ പോസ്റ്റ്
കൊച്ചി: മാലിന്യപ്പുകയുടെ ഭീകരത വ്യക്തമാക്കി നടിയും സാമൂഹിക പ്രവർത്തകയുമായ സജിത മഠത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് സമീപങ്ങളിൽ വ്യാപിച്ച മാലിന്യപ്പുകയുടെ ഭീകരത വ്യക്തമാക്കിയാണ് നടിയുടെ പോസ്റ്റ്. പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.
പോസ്റ്റ് ഇങ്ങനെയാണ് ‘‘ഫ്ലാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്ന് രാവിലെ കാറ്റിന്റെ ഗതികൊണ്ടാവും പുറത്ത് അൽപം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈപരിഷ്കൃത സാംസ്കാരിക കേളത്തിൽ’’ എന്ന് ചോദിച്ചാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.