ബ്രഹ്മപുരം തീപിടിത്തം: കൊച്ചി നഗരത്തിലെ മാലിന്യനീക്കം നിലച്ചു
text_fieldsകൊച്ചി: ദിവസങ്ങളായി തുടരുന്ന ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം കാരണം കൊച്ചി നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടു. നഗരത്തിലെ മാലിന്യം സംസ്കരിക്കുന്ന ഏക്കറുകളോളം വിശാലമായ പ്രദേശത്താണ് തീപിടിത്തമുണ്ടായത്. പ്ലാന്‍റിലേക്ക് മാലിന്യം എത്തിക്കാനാകാത്തവിധം തീ പടർന്നു. ഇതോടെ നഗരത്തിലെ മാലിന്യം നീക്കംചെയ്യാത്ത സ്ഥിതിയായി. നഗരത്തിലെ വഴിയോരങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായി.
ആദ്യ ദിവസങ്ങളിൽ വീടുകളിൽ നിന്നും മറ്റും ശേഖരിച്ച മാലിന്യമാണ് കെട്ടിക്കിടന്നത്. പലയിടത്തും വീടുകളിൽനിന്ന് വെള്ളി, ശനി ദിവസങ്ങളിൽ മാലിന്യം ശേഖരിച്ചിട്ടില്ല. മാലിന്യം കൊണ്ടുപോകുന്നതിന് ഓരോ പ്രദേശത്തും എത്താറുള്ള കോർപറേഷൻ ലോറികളും എത്തിയില്ല. ഇതോടെ തൊഴിലാളികൾ വെള്ളിയാഴ്ച ശേഖരിച്ച മാലിന്യം കെട്ടുകളായി വഴിയോരങ്ങളിൽ സൂക്ഷിക്കേണ്ടിവരികയായിരുന്നു. ശനിയാഴ്ച വീടുകളിലെത്തി മാലിന്യം ശേഖരിക്കുകയും ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമായി മാലിന്യ സംസ്കരണം പൂർവസ്ഥിതിയിലാകുമ്പോൾ, ഈ ദിവസങ്ങളിലെ മുഴുവൻ മാലിന്യവും ഒരുമിച്ച് നീക്കംചെയ്യേണ്ടിവരുമെന്നത് ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്നു.
ഇത്തരമൊരു സാഹചര്യമുണ്ടായപ്പോൾ തുടക്കത്തിൽ തന്നെ മാലിന്യനീക്കത്തിന് ബദൽ സംവിധാനം ഒരുക്കാത്തതിൽ പ്രദേശവാസികൾ അമർഷത്തിലാണ്.കൊച്ചി കോർപറേഷന് പുറമെ തൃക്കാക്കര, കളമശ്ശേരി നഗരസഭകൾ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.നിലവിൽ 70 ഏക്കറോളം പ്രദേശത്തേക്ക് തീ പടർന്നിട്ടുണ്ട്. ഇതോടെയാണ് മാലിന്യം കൊണ്ടുവരേണ്ടതില്ല എന്ന നിലപാടിലേക്ക് അധികൃതരെത്തിയത്. തൃക്കാക്കരയിൽ മാത്രം കെട്ടിക്കിടക്കുന്നത് 25 ടണ്ണിലധികം മാലിന്യമാണ്.
തൃക്കാക്കര നഗരസഭയുടെ മൂന്ന് ലോറിയിലായി ദിവസേന 15 മുതൽ 20 ടൺ വരെ മാലിന്യമായിരുന്നു സംസ്കരണത്തിന് ബ്രഹ്മപുരത്ത് എത്തിച്ചിരുന്നത്. ഇത് നിലച്ചതോടെ വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള മാലിന്യശേഖരണവും നിർത്തിവെച്ചിട്ടുണ്ട്. നഗരസഭയിലെ 70ലധികം വരുന്ന ഹരിതകർമ സേനാംഗങ്ങൾക്കായിരുന്നു ഇതിന്റെ ചുമതല. 22 പെട്ടി ഓട്ടോകളിലായാണ് മാലിന്യം ശേഖരിച്ചിരുന്നത്.
തരം തിരിച്ച മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് ഇവരോട് മാലിന്യം ശേഖരിക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചത്. കളമശ്ശേരിയിൽനിന്ന് മാലിന്യം കൊണ്ടുവന്ന ലോറി അധികൃതർ ഇടപെട്ട് മടക്കി അയപ്പിച്ചു. സ്ഥിതിഗതികൾ ഇനിയും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്രഹ്മപുരത്തെ ആശ്രയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യകേന്ദ്രങ്ങളായി മാറും.
ബ്രഹ്മപുരം കെടാതെ കത്തുമ്പോൾ കൊച്ചി നഗരത്തെയും ചുറ്റുമുള്ള പ്രദേശങ്ങളെയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ. പ്ലാസ്റ്റിക് കത്തുമ്പോൾ വിഷലിപ്തമായ നിരവധി രാസഘടകങ്ങളാണ് പുറത്തേക്ക് വരുന്നത്. ഇവ ശ്വാസകോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. ചെറിയ കുട്ടികൾ, വയോജനങ്ങൾ, ഗർഭിണികൾ എന്നിവരോടൊപ്പം മറ്റു ശ്വാസകോശ രോ ഗങ്ങൾ അനുഭവിക്കുന്നവർക്ക് ഈ വിഷപ്പുക കൂടുതൽ അപകടകരമാണെന്ന് ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ അഡീഷനൽ പ്രഫസർ കൂടിയായ ഡോ.പി.എസ്. ഷാജഹാൻ പറയുന്നു.
മൂക്കിലും തൊണ്ടയിലും പുകച്ചിൽ അനുഭവപ്പെടുകയും തുമ്മലിനും ചുമക്കും പെട്ടെന്നിടയാക്കുന്നതുമാണിത്. പലതരത്തിൽ അന്തരീക്ഷം തന്നെ മലിനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് പുകശല്യം കൂടി കൊച്ചിക്കാർ സഹിക്കേണ്ട ഗതികേടിലാണ്. മൂടൽമഞ്ഞിന് സമാനമായ രീതിയിലാണ് കൊച്ചി നഗരത്തിന്‍റെ പലഭാഗങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.