എട്ടാം ദിവസവും പുകഞ്ഞ് കൊച്ചി; ശ്വാസംമുട്ടി ജനം
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ നിന്നുയരുന്ന പുക എട്ടാംദിനവും കൊച്ചിയെ ശ്വാസംമുട്ടിക്കുന്നു. നഗരത്തിൽ പലയിടങ്ങളിലും രാവിലെ കനത്ത പുകയാണ്. അതേസമയം, മാലിന്യ പ്ലാന്‍റിലെ തീയണക്കാനുള്ള ശ്രമം ഇന്നും തുടരും.
ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായി ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.
അംഗൻവാടികള്‍, കിന്റര്‍ഗാര്‍ട്ടൺ, ഡേ കെയര്‍ സെന്ററുകള്‍ എന്നിവക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പെടെ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
തീ പിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.