ബ്രഹ്മപുരം: കണക്ക് ചോദിച്ച് ഹൈകോടതി
text_fieldsകൊച്ചി: ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യസംസ്കരണത്തിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട രേഖകളും ഏഴു വർഷത്തിനിടെ ചെലവായ തുക സംബന്ധിച്ച് വിശദാംശങ്ങളും നൽകാൻ ഹൈകോടതിയുടെ കർശന നിർദേശം. മാലിന്യക്കൂമ്പാരത്തിലെ തീകെടുത്താൻ വന്ന കാലതാമസത്തെ ശക്തമായി വിമർശിച്ചാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കരാറിന്റെയും കരാറുകാർക്ക് നൽകിയ തുകയുടെയും വിശദാംശങ്ങൾ തേടിയത്. കോടതിയുടെ ഇടപെടലുണ്ടായിട്ടും പ്രശ്ന പരിഹാരം ഉണ്ടായില്ലെന്നും അന്തരീക്ഷ മലീകരണത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മോശമായ അവസ്ഥയിലാണ് കൊച്ചിയെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
ബ്രഹ്മപുരം പ്ലാന്റ് സന്ദർശിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഹൈകോടതി കഴിഞ്ഞ ദിവസം നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ട് കോടതി പരിശോധിച്ചു. ബ്രഹ്മപുരത്തെ തീ 90-95 ശതമാനം നിയന്ത്രിക്കാനായെന്ന് ഓൺലൈൻ മുഖേന കോടതിയിൽ ഹാജരായിരുന്ന ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് വിശദീകരിച്ചു. പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ തേടി ന്യൂയോർക് സിറ്റിയിലെ ഫയർഫോഴ്സ് ഡെപ്യൂട്ടി ചീഫിനെ ബന്ധപ്പെട്ടു. ഫോമിങ്ങിലൂടെ തീയണക്കാനുള്ള നിർദേശമാണ് ലഭിച്ചത്. ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുവിൽ വിഷാംശമുള്ളതിനാൽ ഈ നിർദേശം ഒഴിവാക്കിയെന്നും തിങ്കളാഴ്ച വൈകീട്ടോടെ തീപൂർണമായും നിയന്ത്രിക്കാനാകുമെന്നും കലക്ടർ അറിയിച്ചു. അന്തരീക്ഷ വായുവിൽ മലിനീകരണത്തിന്റെ തോതിൽ കുറവുണ്ടെന്നും വ്യക്തമാക്കി.
30 വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച ഫാക്ടറി പോലെയെന്നാണ് സമിതി റിപ്പോർട്ടിനൊപ്പമുള്ള പ്ലാന്റിന്റെ ഫോട്ടോകൾ കണ്ട കോടതി അഭിപ്രായപ്പെട്ടത്. ഇത്തരമൊരു പ്ലാന്റിൽ എത്രമാലിന്യം സംസ്കരിക്കാനാകുമെന്ന് കോടതി മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയറോട് ആരാഞ്ഞു. നിലവിൽ കൊണ്ടുവരുന്ന മാലിന്യത്തിന്റെ 25 ശതമാനമേ സംസ്കരിക്കാനാകൂവെന്നായിരുന്നു മറുപടി. നിയമപരമായ അതോറിറ്റി എന്ന നിലയിൽ ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നായി കോടതി.
ഇതിലുണ്ടായ വീഴ്ചയിൽ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചതോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു ദിവസം കൂടി അനുവദിക്കണമെന്ന ആവശ്യം ബോർഡ് ഉന്നയിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പിനായി സ്വതന്ത്ര അധികാരത്തോടെ നൽകിയ കരാറിന്റെ രേഖകൾ കൊച്ചി കോർപറേഷൻ സെക്രട്ടറി ഹാജരാക്കണം. ഇക്കാര്യം പരിഗണിക്കാതെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാർ ആരെന്ന് കണ്ടെത്താനാവില്ലെന്നും പ്രോസിക്യൂഷൻ ആവശ്യമെങ്കിൽ തുടക്കക്കാരെ കണ്ടെത്തൽ അനിവാര്യമാണെന്നും വിലയിരുത്തിയാണ് ഈ നിർദേശം നൽകിയത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ കരാറുകാർക്കും ജീവനക്കാർക്കും നൽകിയതും മാലിന്യശേഖരണം, വാഹനത്തിൽ നീക്കം ചെയ്യൽ, കൈകാര്യം ചെയ്യൽ, സംസ്കരണം തുടങ്ങിയ ഇനങ്ങളിലും ചെലവായ തുകയുടെ വിശദാംശങ്ങൾ നൽകണം.
ഹരജിയിലെ പരിഗണന വിഷയങ്ങൾ അഡീ. ചീഫ് സെക്രട്ടറിയും കൊച്ചി കോർപറേഷൻ സെക്രട്ടറിയും ചൊവ്വാഴ്ച നിർദേശിക്കണമെന്ന് കോടതി നിർദേശിച്ചു. കൊച്ചി കോർപറേഷന്റെത് മാത്രമല്ല, മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ കാര്യങ്ങളും പരിഗണന വിഷയത്തിൽ ഉൾപ്പെടുത്തണം. അന്തരീക്ഷത്തിലെ മലിനീകരണ തോത് കുറഞ്ഞത് സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോ ഉദ്യോഗസ്ഥനോ ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കണം.
മാലിന്യത്തിൽനിന്നുള്ള വിഷപ്പുക മൂലം ഒരാൾ മരണപ്പെട്ടെന്ന് ഹരജിക്കാരിലൊരാൾ അറിയിച്ചപ്പോൾ അങ്ങനെയെങ്കിൽ ഇത് മഹാദുരന്തമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് ഇക്കാര്യം അന്വേഷിച്ച് ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
പ്രശ്നത്തിന് ശാശ്വത പരിഹാരം നിർദേശിക്കാൻ 10 ദിവസം സമയം വേണമെന്ന് തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആവശ്യപ്പെട്ടു. ശാശ്വത പരിഹാരം തേടാൻ വേനലവധി ഒഴിവാക്കിയും വിഷയം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ട്രൈബ്യൂണൽ ഉത്തരവുകളിലെ സ്റ്റേ നീക്കി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ നടത്തിപ്പിലെ വീഴ്ചയുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനെതിരെ 2018ലും 2020ലും ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവുകളിൽ അനുവദിച്ച സ്റ്റേ ഹൈകോടതി നീക്കി. ആറുമാസത്തിനകം പുതിയ പ്ലാന്റ് സ്ഥാപിക്കാൻ 2018 ഒക്ടോബർ 23ന് പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്തതിന് ഹരിത ട്രൈബ്യൂണൽ ഒരു കോടി രൂപ കോർപറേഷന് പിഴ ചുമത്തിയിരുന്നു.
ഇതിനെതിരെ കോർപറേഷൻ നൽകിയ ഹരജിയിൽ അനുവദിച്ച സ്റ്റേയാണ് പിൻവലിച്ചതിൽ ഒന്ന്.
പിന്നീട് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിന് 2020 ൽ കോർപറേഷൻ സെക്രട്ടറിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതും കോർപറേഷന്റെ ഹരജിയിൽ ഹൈകോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേയും പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.