ബ്രഹ്മപുരം തീപിടിത്തം: എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്, സമാനതകളില്ലാത്ത അനുഭവം, പാഠം ഉൾക്കൊള്ളും
text_fieldsകൊച്ചി: ബ്രഹ്മപുരം തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്, സമാനതകളില്ലാത്ത അനുഭവമാണിത്, പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം രൂപവൽകരിക്കും. മന്ത്രി എം.ബി. രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തീപിടുത്തം ഉണ്ടായ ഉടനെ മേയറുമായി ബന്ധപ്പെട്ടു. അപ്പോൾ, ആരീതിയിൽ ഇടപെടേണ്ട ഗൗരവമില്ലെന്നാണ് അറിയിച്ചത്. അവരെ അതിന് കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം നേരത്തെ മൂന്ന് തവണ തീ പിടിച്ചിരുന്നു. അത്, നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. സമാനതകളില്ലാത്ത അനുഭവമാണിത്.
നിലവിൽ ആറടണിയോളം താഴ്ചയോളം തീപടർന്നിട്ടുണ്ട്. അതുകൊണ്ട്, തീയണച്ച് റിപ്പോർട്ട് തരുമ്പോൾ തന്നെ, വീണ്ടും തീപടരാനിടയുണ്ട്. ഇതുവരെ തീ പടരുന്നത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കുകയാണ്. സാധ്യമാകുന്ന എല്ലാ പ്രവർത്തനവും സർക്കാർ ഏകോപിപ്പിച്ചിട്ടുണ്ട്. ഇതൊരു വലിയ പാഠമാണെന്നും പി. രാജീവ് പറഞ്ഞു. ഇതിന്റെ തുടർച്ചയായി മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ വിപുലയോഗം ചേർന്ന് തുടർ നടപടികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒമ്പതാം ദിവസവും പുക ഒഴിവാക്കാൻ കഴിഞ്ഞില്ല
ഒമ്പതാം ദിവസവും പുക ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് വലിയ വെല്ലുവിളിയാണ്. രാത്രിയിലാണ് നഗരത്തിലെ വിവിധ മേഖലകളിൽ പുക രൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തീയണച്ച ഭാഗങ്ങളിൽ വീണ്ടും തീയും പുകയും ഉയരുന്ന സംഭവങ്ങളും വ്യാഴാഴ്ചയുണ്ടായി. അതിനിടെ, പുതുതായി ചുമതലയേറ്റെടുത്ത ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് ബ്രഹ്മപുരം സന്ദർശിച്ചു. രാവിലെ 9.45ന് സിവില്‍ സ്റ്റേഷനിലെത്തി ചുമതലയേറ്റ അദ്ദേഹം ചേംബറിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം മാലിന്യപ്ലാന്റിലെത്തി. കോര്പറേഷന് മേയര്‍ എം. അനില്‍ കുമാര്‍, പി.വി. ശ്രീനിജിന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. എക്സ്കവേറ്ററുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. രാത്രിയും പകലും എക്സ്കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യും.
എക്സ്കവേറ്റർ ഡ്രൈവര്‍മാരെ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനവുമായി ഏകോപിപ്പിക്കാൻ നിര്‍ദേശം നല്കി. സമീപ പ്രദേശങ്ങളിലെ വായു ഗുണനിലവാരം സംബന്ധിച്ച് വിശദ പഠനം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. മാലിന്യക്കൂമ്പാരത്തിന് മുകളിൽ കയറിയ കലക്ടര്‍ പുകയണക്കല്‍ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം കലക്ടര്‍ക്ക് മേയര്‍ വിശദീകരിച്ചു. പുക ശമിപ്പിക്കാനുള്ള പ്രദേശങ്ങള്‍ അഗ്നിരക്ഷാ സേന വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കലക്ടര്‍ പറഞ്ഞു. നാവിക സേന, വ്യോമസേന എന്നിവയുടെയും പ്രവർത്തനം പുരോഗമിക്കുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.