ബ്രഹ്മപുരം ‘ഹൈ റിസ്ക്’മേഖല; നിർണായക നിർദേശവുമായി അഗ്നിരക്ഷാസേന
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിന്റെ നടത്തിപ്പിൽ നിർണായക നിർദേശവുമായി അഗ്നിരക്ഷാസേന. തുടരെ തീ പീടിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റ് ‘ഹൈ റിസ്ക്’ മേഖലയാണെന്നാണ് അഗ്നിരക്ഷാസേനയുടെ നിർണായക നിർദേശങ്ങളിലൊന്ന്. പ്രദേശത്തുനിന്ന് മാലിന്യം പൂർണമായും നീക്കുന്നതുവരെ പ്ലാന്റിനെ മുഴുസമയം നിരീക്ഷിക്കാൻ സംവിധാനം ഒരുക്കണം. കേന്ദ്രീകൃത കൺട്രോൾ റൂം സജ്ജമാക്കി വേണം ഇത് നടപ്പാക്കേണ്ടതെന്നാണ് നിർദേശം.
കൊച്ചിയെ വിഷപ്പുക ശ്വസിപ്പിച്ച തീപിടിത്തത്തെ തുടർന്ന് റീജനൽ ഫയർ ഓഫിസർ ജില്ല ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.നാല് ഫയർ യൂനിറ്റിനെ ബ്രഹ്മപുരത്ത് നിയോഗിച്ചിട്ടുണ്ട്. 110 ഏക്കറിലുള്ള ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിനുള്ളിലേക്ക് ആർക്കും കയറിച്ചെല്ലാമെന്നത് തീപിടിത്ത സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട് 24 മണിക്കൂറും നിരീക്ഷണ സംവിധാനമൊരുക്കുന്ന തരത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം.
ഒപ്പം അടച്ചുറപ്പുള്ള സംവിധാനമോ സെക്യൂരിറ്റി സംവിധാനമോ ഒരുക്കിയാൽ ബാഹ്യ ഇടപെടൽ കുറക്കാനാകും. ഇതിനൊപ്പം ബ്രഹ്മപുരത്ത് വാച്ച് ടവറുകളും പൊലീസ് പട്രോളിങ്ങും നടപ്പാക്കുകയും വ്യവസ്ഥാപിതമാക്കുകയും വേണമെന്നും നിർദേശമുണ്ട്. ബ്രഹ്മപുരത്ത് മുപ്പതിലേറെ അടി ഉയരത്തിലാണ് മാലിന്യങ്ങൾ അടിഞ്ഞുകിടക്കുന്നത്. ഇത്തരത്തിൽ ഒരു കൂനക്ക് തീപിടിച്ചാൽ മറ്റുള്ളവയിലേക്ക് വേഗം പടരും. ഇത് തടയാൻ കൂനകൾക്കിടയിൽ പത്തടി വീതിയിൽ ഒഴിച്ചിടണം.
അതിനൊപ്പം ഓരോ കൂനക്ക് ചുറ്റും വാട്ടർ കർട്ടൻ (പൈപ്പിലൂടെ നാല് ഭാഗത്തും ഒരേ സമയം വെള്ളമൊഴുക്കാനുള്ള സംവിധാനം) ഒരുക്കണം. ഇതുവഴി തീ പിടിച്ച കൂനകളിൽ അതിവേഗം തീ അണക്കാനാകും. മാലിന്യക്കുന്നുകളുടെ ഉയരം കുറക്കണമെന്നും മാലിന്യപ്ലാന്റിനകത്തേക്ക് അതിവേഗത്തിൽ വാഹനങ്ങളെത്താനുള്ള റോഡുകൾ ഒരുക്കണമെന്നും കടമ്പ്രയാറിൽ കൂടുതൽ വെള്ളം അതിവേഗം പമ്പ് ചെയ്യാൻ പറ്റുന്ന മോട്ടോർപമ്പ് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
നിരീക്ഷണത്തിന് 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് പ്രവേശന കവാടങ്ങളില്‍ മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാന്‍ തീരുമാനം. പ്ലാന്റിലേക്ക് വരുകയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍, സമയം, ഡ്രൈവറുടെ പേര്, ഫോണ്‍ നമ്പര്‍, ലൈസന്‍സ് നമ്പര്‍ എന്നിവ സെക്യൂരിറ്റി ജീവനക്കാര്‍ കൃത്യമായി രേഖപ്പെടുത്തണം.തീപിടിത്തത്തെ തുടര്‍ന്ന് രൂപവത്കരിച്ച എംപവേഡ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി കാബിൻ സജ്ജീകരിക്കണം. കോര്‍പറേഷനാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാനുള്ള ചുമതല.
പ്ലാന്റിന്റെ നിശ്ചിത സ്ഥലങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുകയും കേന്ദ്രീകൃത കണ്ട്രോള് റൂമില്‍നിന്ന് അഗ്നിബാധ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യണം. അഗ്നിബാധ അണക്കാൻ അത്യാധുനിക ഉപകരണങ്ങള്‍ മാലിന്യ പ്ലാന്റില്‍ സൂക്ഷിക്കണം. പ്ലാന്റ് സെക്ടറുകളായി തിരിച്ച് നിരീക്ഷിക്കാൻ വാച്ച് ടവറുകള്‍, വാട്ടര്‍ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.
കോർപറേഷന്റെ നേതൃത്വത്തിൽ മുഴുസമയവും ഫയർ വാച്ചര്‍മാരെ നിയോഗിക്കാനും പ്ലാന്റിലും സമീപങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു. മാലിന്യക്കൂമ്പാരങ്ങളുടെ ഉയരം ക്രമപ്പെടുത്തണം. അഗ്നിരക്ഷ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാൻ സാധിക്കുംവിധം 10 മീറ്റർ അകലത്തിൽ കൂമ്പാരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. വേനല്‍ക്കാലം കഴിയുംവരെ മാലിന്യക്കൂനകൾ മുഴുവൻ സമയവും നനച്ച് നിര്‍ത്തണം.
മാലിന്യ പ്ലാന്റിലേക്കുള്ള എല്ലാ റോഡും അഗ്നിരക്ഷ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന രീതിയിൽ നവീകരിക്കാനും തീരുമാനമായി. പ്ലാന്റിൽ ജോലിക്ക് നിയോഗിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കുകയും, ജീവൻരക്ഷ മരുന്നുകൾ തുടങ്ങിയവ സൈറ്റിൽ കരുതണമെന്നും യോഗം നിർദേശിച്ചു.
തീപിടിത്തം ഇല്ലാതാക്കാൻ ജില്ല ഭരണകൂടം നിർദേശിച്ച നടപടികൾ ഏപ്രിൽ 17ന് മുമ്പ് കൊച്ചി കോർപറേഷൻ പൂര്‍ത്തീകരിക്കാനും അല്ലാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷൻ 51 പ്രകാരം നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിൽ കലക്ടർ എൻ.എസ്.കെ. ഉമേഷ്, ദുരന്തനിവാരണ കമീഷണൻ ടി.വി. അനുപമ, കൊച്ചി സ്മാര്‍ട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ എസ്. ഷാനവാസ്, ഫോര്‍ട്ട്കൊച്ചി സബ് കലക്ടർ, കൊച്ചി സിറ്റി പൊലീസ് കമീഷണർ, ജില്ല റൂറൽ ഡിസ്ട്രിക്ട് പൊലീസ് ചീഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, എറണാകുളം റീജനൽ ഫയർ ഓഫിസർ, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ, ആരോഗ്യ വിഭാഗം മെഡിക്കൽ ഓഫിസർ, ഫിനാൻസ് ഓഫിസർ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്വയണ്മെന്റൽ എന്‍ജിനീയർ, ഇറിഗേഷൻ എക്സിക്യൂട്ടിവ് എന്‍ജിനീയർ ഉൾപ്പെടെയുള്ള എംപവേഡ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.