ബ്രഹ്മപുരം: സംസ്ഥാന സർക്കാർ ഒന്നാംപ്രതിയെന്ന് കെ.സുരേന്ദ്രൻ
text_fieldsകൊച്ചി: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തിൽ സംസ്ഥാന സർക്കാരാണ് ഒന്നാം പ്രതിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ പറഞ്ഞത്.
കൊച്ചി കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടാൻ സർക്കാർ തയാറാവണം. സംഭവത്തിന് ഉത്തരവാദികളായ സർക്കാർ -കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. 100 കോടി പിഴ ജനങ്ങളുടെ മേൽ കെട്ടിവെക്കാതെ ഉദ്യോഗസ്ഥരുടെയും മന്ത്രിയും മേയറും ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുടെയും പക്കൽ നിന്നും ഈടാക്കണം. കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മാലിന്യനിർമ്മാർജനത്തിലെ വീഴ്ച്ച സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാവണം. മാലിന്യ നിർമ്മാർജ്ജന ബോർഡിൻ്റെ വീഴ്ചക്കെതിരെ നടപടിയെടുക്കണം. ലോകബാങ്ക് 2021 ൽ അനുവദിച്ച 105 മില്യൺ ഡോളർ എന്തു ചെയ്തെന്ന് സർക്കാർ വ്യക്തമാക്കണം. കേന്ദ്രം നൽകിയ ഫണ്ട് എത്രത്തോളം വിനിയോഗിച്ചെന്ന് ജനങ്ങളോട് പറയണം. ബ്രഹ്മപുരം വിഷയത്തിൽ കൊച്ചിക്കാർക്ക് നീതി ലഭിക്കും വരെ ബിജെപി സമരം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.