ബ്രഹ്മപുരം പ്ലാൻറിലെ തീപിടിത്തത്തിന് നാളേക്ക് ഒരാണ്ട്; ആവർത്തിക്കുമെന്ന് ജനുവരിയിൽ അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ്
text_fieldsകൊച്ചി: കൊച്ചി നഗരത്തെയും എറണാകുളം ജില്ലയെയും രണ്ടാഴ്ചയോളം ആശങ്കയുടെ വിഷപ്പുകയിൽ നിർത്തിയ ബ്രഹ്മപുരം തീപിടിത്തത്തിന് ശനിയാഴ്ചത്തേക്ക് ഒരുവർഷമാകുന്നു.
2023 മാർച്ച് രണ്ടിന് വൈകീട്ട് മൂന്നുമണിയോടെയാണ് കോർപറേഷന്റെ കീഴിലെ ബ്രഹ്മപുരം പ്ലാൻറിലെ ഏക്കർ കണക്കിന് പരന്നുകിടക്കുന്ന മാലിന്യമലക്ക് തീപിടിച്ചത്. ബ്രഹ്മപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായിരുന്നു അന്നത്തേത്.
നാലുദിവസത്തോളം തീയണക്കാൻ പരിശ്രമം നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് ഹൈകോടതിപോലും വിഷയത്തിലിടപെട്ടു.
അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ എത്താനുള്ള പ്രയാസം, ഫയർ ഹൈഡ്രൻറുകൾ പ്രവർത്തിക്കാതിരുന്നത് തുടങ്ങിയവയായിരുന്നു തീയണക്കുന്നതിൽ വില്ലനായത്. ദിവസങ്ങളോളം തീയണക്കാനാവാതെ അന്തരീക്ഷത്തിലാകെ വിഷപ്പുക വ്യാപിച്ചത് നിരവധിപേർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി.
ഹൈകോടതി ഇടപെടലിനെത്തുടർന്ന് തീപിടിത്തം നിയന്ത്രിക്കാനും ഇനി ആവർത്തിക്കാതിരിക്കാനും നിരവധി നടപടികൾ വിവിധ തലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ചെറിയ തീപിടിത്തങ്ങൾ പിന്നെയും ആവർത്തിച്ചു.
നിർദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല; തീപിടിത്തം ആവർത്തിച്ചു
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും വലിയ അപകടങ്ങൾ ഉണ്ടായേക്കാമെന്ന് അഗ്നിരക്ഷാസേന ജനുവരിയിൽതന്നെ മുന്നറിയിപ്പ് നൽകിയിട്ടും വേണ്ടത്ര കരുതലുകളെടുത്തില്ല.
എറണാകുളം ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ഇന്റേണൽ വിജിലൻസ് ആൻഡ് ഇൻറലിജൻസ് വിങ് ജനുവരി എട്ടിന് ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് കലക്ടർക്ക് നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽപോലും വേണ്ടത്ര മുൻകരുതലുകളെടുത്തില്ലെന്നാണ് ബുധനാഴ്ച പ്ലാൻറിലുണ്ടായ തീപിടിത്തം തെളിയിക്കുന്നത്.
2023 വർഷാരംഭത്തിലുണ്ടായ വലിയ തീപിടിത്തത്തെതുടർന്ന് നൽകിയ സുരക്ഷ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്നതും ശീതകാലം പൂർത്തിയാകുന്നതിന് മുമ്പായി ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയില്ലെങ്കിൽ വീണ്ടും വലിയ അപകടങ്ങളുണ്ടായേക്കാമെന്നുമാണ് അഗ്നിരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
റിപ്പോർട്ട് കൊടുക്കുന്നതിന് മുമ്പുള്ള രണ്ടാഴ്ചയിൽതന്നെ പലപ്രാവശ്യം ചെറിയ തീപിടിത്തങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു അപകടമുണ്ടാകുമ്പോൾ പെട്ടെന്ന് എത്താനാവുംവിധം പ്ലാൻറിലെ കവാടമുൾപ്പെടെ റോഡുകളൊന്നും ഗതാഗത യോഗ്യമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രശ്നങ്ങൾ ഒട്ടേറെ...
മാലിന്യ കൂമ്പാരത്തിന്റെ വിസ്തൃതി പരിമിതപ്പെടുത്തി സെക്ടറുകളായി തിരിച്ച് സൂക്ഷിക്കണമെന്നും ഇടയിൽ പത്തുമീറ്റർ റോഡ് നിർമിക്കുകയും മാലിന്യക്കൂനകൾ പരസ്പരബന്ധമില്ലാതെ നിലനിർത്തണമെന്നതും നടപ്പാക്കപ്പെട്ടില്ല. മാലിന്യക്കൂമ്പാരത്തിന് ഫയർ സെപറേഷൻ നൽകി വാട്ടർ സ്പ്രേയിങ് സിസ്റ്റം ഏർപ്പെടുത്തിയിട്ടില്ല.
പ്ലാൻറുകളിലെ ഹൈഡ്രൻറുകൾ, മോണിറ്ററുകൾ, കടമ്പ്രയാറിന് സമീപം സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പമ്പ് തുടങ്ങിയവയൊന്നും പ്രവർത്തനക്ഷമമല്ല. ഈ പമ്പ് പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബിയിൽനിന്ന് ലഭ്യമാണെങ്കിലും പ്ലാൻറിലെ വൈദ്യുതി വിളക്കുകൾപോലും ഇതുപയോഗിച്ച് പ്രവർത്തിക്കുന്നില്ല. പുഴയോരത്ത് വാട്ടർ ടാങ്ക് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. പ്ലാൻറിൽ ആകെയുള്ള ഒരു വാച്ച് ടവർ അപര്യാപ്തമാണ്. പ്ലാൻറിലെ സി.സി ടി.വി സംവിധാനത്തിന്റെ പ്രവർത്തനക്ഷമത സംബന്ധിച്ച് അവ്യക്തതയുണ്ട്.
അഗ്നിരക്ഷാ സേനാംഗങ്ങൾക്കുൾപ്പെടെ സൈറ്റിൽ തങ്ങാനുള്ള ക്രമീകരണവുമില്ല. ഇങ്ങനെ നിരവധി അപാകതകളാണ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നത്. നിലവിലെ സാഹചര്യവും താപനിലയിലെ വർധനവും കണക്കിലെടുത്ത് അടിയന്തിര സാഹചര്യം നേരിടാൻ വേണ്ട ഹൈപ്രഷർ പമ്പുകൾ ജലലഭ്യത ഉറപ്പുവരുത്തി സെറ്റ് ചെയ്ത് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിക്കുന്നുണ്ട്.
റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ബ്രഹ്മപുരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും കഴിഞ്ഞ ദിവസം അവലോകന യോഗം ചേരുകയും ചെയ്തിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ യോഗത്തിൽ മന്ത്രി നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.