ബ്രഹ്മപുരം: സോൺടയുടെ കാര്യത്തിൽ ഇന്ന് തീരുമാനം
text_fieldsകൊച്ചി: കുഴഞ്ഞുമറിഞ്ഞ മാലിന്യ സംസ്കരണ വിഷയത്തിൽ കൊച്ചി നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ചൊവ്വാഴ്ച ചേരും. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ടി.കെ. അഷ്റഫിന്റെ കൂറുമാറ്റം, മാലിന്യം നിറഞ്ഞ് നഗരം എന്ന പേരിൽ യു.ഡി.എഫ് നടത്തുന്ന പ്രചാരണപരിപാടികൾ, പകർച്ചവ്യാധി ഭീഷണി, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ എന്നിങ്ങനെ സങ്കീർണമായ സാഹചര്യത്തിലാണ് കൗൺസിൽ.
ബയോമൈനിങ്ങിൽനിന്ന് നിലവിലെ കരാറുകാരായ സോൺട ഇൻഫോടെക്കിനെ ഒഴിവാക്കുന്ന കാര്യത്തിൽ കൗൺസിൽ ഇന്ന് തീരുമാനമെടുക്കും. സോൺടയെ ഒഴിവാക്കാനുള്ള സർക്കാർ നിർദേശം ലഭിച്ചതിന് പിന്നാലെ കമ്പനിക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കിട്ടിയതോടെ സോൺടയും നഗരസഭക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
11 കോടിയിലധികം രൂപ ബയോമൈനിങ്ങിനായി ഇതിനകം സോൺടക്ക് കൈമാറിയിട്ടുണ്ട്. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായ ശേഷം അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കാനാണ് കൗൺസിൽ യോഗം അടിയന്തരമായി വിളിച്ചുചേർത്തിട്ടുള്ളത്.തീപിടിത്തത്തിന് ശേഷം കൂടിക്കിടക്കുന്ന ചാരവും മറ്റും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വലിയ വെല്ലുവിളിയാണ്. നഗരസഭ പരിധിയിൽ പ്രതിദിനം 280 ടൺ ജൈവമാലിന്യമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
ബ്രഹ്മപുരത്തെ നിലവിലുള്ള വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് പ്രവർത്തന രഹിതമായതിനൽ സംസ്കരണം പ്രതിസന്ധിയിലാണ്. ഇത് മറികടക്കാൻ അടിയന്തരമായി 50 ടൺ ശേഷിയുള്ള വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് സ്ഥാപിക്കും. ഇത് സാധ്യമാകുന്നതുവരെ അംഗീകൃത മാലിന്യം സർവിസ് പ്രൊവൈഡേഴ്സിന് കൈമാറാൻ കൗൺസിലിന്റെ അനുമതി തേടും.
പ്ലാന്റിനായി പുതിയ ടെൻഡർ ക്ഷണിക്കും. സാനിട്ടറി മാലിന്യം സംസ്കരിക്കുന്നതിന് 20 ടൺ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്ന കാര്യവും നഗരസഭ പരിഗണിക്കും. നഗരസഭയിലെ 2,3,4,5 ഡിവിഷനുകളിൽ നിന്ന് യൂസേഴ്സ് ഫീസ് ഈടാക്കാതെ മാലിന്യം ശേഖരിക്കണമോയെന്ന കാര്യവും കൗൺസിൽ പരിഗണിക്കും. അതിദരിദ്ര കുടുംബങ്ങളിൽനിന്ന് യൂസർഫീ ഈടാക്കാതെ ഹരിത കർമസേനയെ ഇപയോഗിച്ച് മാലിന്യം ശേഖരിക്കുകയും ഇവർക്ക് തനതു ഫണ്ടിൽനിന്ന് പ്രതിഫലം നൽകുന്ന കാര്യവും പരിഗണിക്കും.
ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം രൂപപ്പെട്ടിട്ടുള്ള വിഷാംശമുള്ള ചാരവും മറ്റും ചിത്രപ്പുഴയിലേക്ക് കലരുന്നത് തടയുന്നതിന് റീസ്ട്രെയിനിങ് ബണ്ട് നിർമിക്കും. ഇതിനായി സാങ്കേതിക കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. 1.40 കോടിയുടെ എസ്റ്റിമേറ്റിനാണ് സാങ്കേതിക അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.