ബ്രഹ്മപുരം മാലിന്യസംസ്കരണം; ആദ്യത്തെ ഉത്സാഹം എവിടെപ്പോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: ബ്രഹ്മപുരത്ത് ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് സൗകര്യമൊരുക്കാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ഹൈകോടതി. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് നടപടിയെടുക്കുകയെന്നും മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതിൽ ആദ്യമുണ്ടായിരുന്ന ഉത്സാഹം ഇപ്പോൾ കാണാനില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. തുടർന്ന് ബ്രഹ്മപുരമടക്കം മാലിന്യസംസ്കരണ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് രജിസ്ട്രിക്ക് ഹൈകോടതി നിർദേശവും നൽകി. ബ്രഹ്മപുരത്ത് മാലിന്യങ്ങൾക്ക് തീപിടിച്ച സംഭവത്തെ തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലാണ് കോടതി നിരീക്ഷണവും ഉത്തരവുമുണ്ടായത്.
രണ്ടാഴ്ചക്കകം വിശദീകരണം നൽകാമെന്ന് തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു. ബയോ സി.എൻ.ജി പ്ലാന്റ് സ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കാൻ സാവകാശം വേണമെന്ന് അഡ്വക്കറ്റ് ജനറലും ആവശ്യപ്പെട്ടു. താൽക്കാലിക മാലിന്യ സംസ്കരണ സംവിധാനം 100 ദിവസത്തിനകം പ്രവർത്തനസജ്ജമാകുമെന്ന് ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് കോടതിയെ അറിയിച്ചു. മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഗണിക്കുന്നതിൽ കോടതികളിൽ കാലതാമസം നേരിടുന്നത് എ.ജി ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്പെഷൽ ബെഞ്ച് രൂപവത്കരിക്കാൻ കോടതിയുടെ നിർദേശമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.