വിഷപ്പുകയിൽ നീറുന്നത് നമ്മളാണ്
text_fields ബ്രഹ്മപുരം കത്താൻ തുടങ്ങിയിട്ട് പത്ത് ദിനം പിന്നിടുന്നു. തീ കെടുത്തിയെന്നും പുക അടങ്ങിയെന്നും അധികൃതർ അവകാശപ്പെടുമ്പോഴും വിഷപ്പുക ശ്വസിച്ച് നീറുകയാണ് കൊച്ചി നഗരത്തിലെയും സമീപമേഖലകളിലെയും മനുഷ്യരും പലരും ദുരിതത്തിലാണ്. കുട്ടികളും മുതിർന്നവരും പലരീതിയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ആശുപത്രികളിൽ ചികിത്സ തേടിയവർ നിരവധി. അത്രമേൽ രോഗാതുരമായിരിക്കുന്നു കൊച്ചിയുടെ ശ്വാസകോശം. കൊച്ചിയെ നെഞ്ചേറ്റിയ ചിലർ ഹൃദയവേദന പങ്കുവെക്കുന്നു ഇവിടെ........
ഇത് വിളിച്ചുവരുത്തിയ വിപത്ത് -പ്രഫ. എം.കെ. സാനു
ഒരാഴ്ചയായി ഈ പുക എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, അതിന്റെ ബുദ്ധിമുട്ടുകൾ ഏറെയാണ്. ഈ വിഷപ്പുക ഇവിടത്തെ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞുവെന്നത് സംശയമില്ലാത്ത കാര്യമാണ്. കൊച്ചിയിൽ മാലിന്യം വൻ വിപത്തായി മാറിയിട്ട് കുറെ കാലമായി. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനം ഉപയോഗിച്ച് മാലിന്യം സംസ്കരിച്ച് വളമുൾപ്പെടെയുള്ള പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കുകയാണ് മാലിന്യമെന്ന വിപത്തിനെ നേരിടാനുള്ള മാർഗം. ഈ സാധ്യത നമ്മുടെ സർക്കാറുകൾ ഉപയോഗപ്പെടുത്താഞ്ഞതാണ് ഇപ്പോൾ ഈ ജനതയെ ഇത്തരമൊരു ദുരന്തത്തിലേക്ക് തള്ളിവിട്ടത്. ഇത്തരമൊരു വിപത്ത് വിളിച്ചുവരുത്തിയതിന് നാട് ഭരിക്കുന്ന ഭരണാധികാരികൾ തന്നെയാണ് കുറ്റക്കാർ. മുമ്പ് ഭരിച്ചവരും ഇപ്പോൾ ഭരിക്കുന്നവരും അതിൽ പ്രതികളാണ്.
ഇനിയീ മണ്ണിൽ പ്രതീക്ഷയില്ല- പി.എഫ്. മാത്യൂസ് (കഥാകൃത്ത്, തിരക്കഥാകൃത്ത്)
ഒരിക്കലും കൊച്ചി വിട്ടുപോകാനിടവരരുത് എന്നാഗ്രഹിച്ചിരുന്ന ഞാനിപ്പോൾ എങ്ങനെയും ഓടിരക്ഷപ്പെട്ടാൽ മതി എന്ന മാനസികാവസ്ഥയിലാണ്. എന്നെപ്പോലെ അനേകം പേരുണ്ടെന്ന് അറിയാം. വിഷവാതകം നിറഞ്ഞ ഈ ഗ്യാസ് ചേംബറിൽനിന്ന് പക്ഷികൾ പറന്നകന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യം സൃഷ്ടിച്ചവരെ തൊടാൻപോലും പറ്റില്ലെന്ന് അറിയാം. സി.പി.എമ്മിന്റെ സ്വന്തക്കാരും കോൺഗ്രസുകാരന്റെ സ്വന്തക്കാരനും ഇതിനു പിന്നിലുണ്ടെന്ന് പത്രങ്ങൾതന്നെ പറയുന്നുണ്ട്. അതിൽ അതിശയമൊന്നുമില്ല. എത്രയോ വർഷങ്ങളായി ഞങ്ങൾ ഇതനുഭവിക്കുന്നു. പക്ഷേ, ഇപ്പോഴും സ്വപ്ന സുരേഷാണ് കേരളത്തിന്റെ മുഖ്യ പ്രശ്നമെന്ന മട്ടിലാണ് മാധ്യമങ്ങൾ. ഉത്തരവാദിത്തമുണ്ടെന്നു കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഞങ്ങളെ യഥാർഥത്തിൽ സമാധാനിപ്പിക്കുന്ന ഒരു വാചകം പോലും ആത്മാർഥമായി പറഞ്ഞിട്ടില്ല. ഈ വിഷവാതകം ശ്വസിച്ച കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യം എങ്ങനെയാകുമെന്നറിയില്ല. ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അറിയില്ല. വർഷങ്ങൾക്കു മുമ്പ് മെട്രോ റെയിലിന്റെ ഉദ്ഘാടന മഹാമഹത്തിൽ ഇറക്കിയ ഒരു പത്രത്തിന്റെ സപ്ലിമെന്റിലേക്ക് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് കൊച്ചിക്ക് ഇപ്പോൾ വേണ്ടത് മികച്ച മാലിന്യ സംസ്കരണ സംവിധാനമാണ് എന്നാണ്. അന്നത്തെ ആഘോഷങ്ങൾക്കു ചേരാത്ത വാചകമായതിനാൽ അവരത് ഉപേക്ഷിച്ചു. ഇന്നലെ വിദേശത്തുനിന്നു വിളിച്ച ചങ്ങാതിയോട് കൊച്ചി നൊസ്റ്റാൾജിയ കൊണ്ട് ഇങ്ങോട്ടു വരല്ലേ എന്നു പറഞ്ഞപ്പോൾ ഇനി കേരളത്തിലേക്കുതന്നെ വരുന്നില്ലെന്നാണ് പറഞ്ഞത്. ഇടതിനെയും വലതിനെയും ദോഷം പറഞ്ഞുകൊണ്ട് കസേരയും നോക്കിയിരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റു പാർട്ടി ഇന്ത്യൻ ജനതയെ കൈയിലെടുത്തത് എങ്ങനെയാണെന്ന് ഇപ്പോൾ വളരെ നന്നായിട്ടു മനസ്സിലാകുന്നുണ്ട്. ഇത്രയുമാകുമ്പോഴേക്കും സൈബർ ഗുണ്ടകൾ ചാവേറായി ഇങ്ങെത്തുമെന്നറിയാം. വരട്ടെ, എന്റെ പട്ടി പോലും ഇനി ഇവിടേക്കു തിരിഞ്ഞു നോക്കാൻ പോകുന്നില്ല. പ്രിയമുള്ള കൊച്ചീക്കാരേ... ഇനിയീ മണ്ണിൽ പ്രതീക്ഷ വെച്ചു പുലർത്തുന്നതിൽ ഒരർഥവുമില്ല. ഇവിടം വിട്ടു പോകുക എന്നതല്ലാതെ മറ്റെന്തു വഴിയാണ് നമ്മുടെ മുന്നിലുള്ളത്.
വിഷം പുകയുന്ന നഗരം അരുൺ ഗോപി (സംവിധായകൻ)
എങ്ങനെയാണ്ഒരു ഭരണകൂടത്തിന് ഇത്ര നിസ്സംഗമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നത്...!! ഒരു ജനതയെ തലമുറകളോളം ബാധിക്കുന്ന കൊടിയ പീഡനങ്ങളിലേക്കു തള്ളിയേക്കാവുന്ന മാരക വിഷപ്പുക അവന്റെ ബെഡ്റൂമിൽവരെ എത്തിക്കുന്ന തരത്തിലുള്ള ജാഗ്രതക്കുറവ് എങ്ങനെ സംഭവിക്കുന്നു...!! ദിവസങ്ങൾ കടന്നുപോയിട്ടും മാറ്റമില്ലാതെ തുടരുന്ന പുകയെ കൊച്ചിയിലെ ഓരോ മനുഷ്യന്റെയും ശരീരത്തിൽ എത്തിച്ചേ അടങ്ങൂ എന്ന് വാശിയിലാണോ? കുഞ്ഞുങ്ങൾ തീരെ ചെറുതാണ്. എന്റെ കാര്യം മാത്രമല്ല പലർക്കും, പ്രായമായ അച്ഛനമ്മമാർ ഉണ്ട്. ഇവരുടെയൊക്കെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ടു പോയിട്ടല്ല പ്രതികരിക്കാത്തത്. ആരോടു പറയാനാണെന്ന് സ്വയം തോന്നിത്തടങ്ങി സാർ. നിങ്ങൾ കരുതുംപോലെ ഈ വിഷപ്പുക ഇലക്ഷന് മുന്നേ അണച്ച് ആളുകളുടെ മറവിരോഗത്തിൽ സ്വയം രക്ഷപ്പെടാം എന്നാണെങ്കിൽ ഈ വിഷപ്പുക തീർക്കുന്ന മാരക പ്രശ്നങ്ങളിൽനിന്ന് ഒരുപക്ഷേ, കൊച്ചിക്ക് ഒരു തിരിച്ചുവരവ് ഒരു ഇലക്ഷൻ അല്ല, പല ഇലക്ഷൻ കഴിഞ്ഞാലും അസാധ്യമാകും.
ഒരു നഗരം കത്തുന്നു- ബിജിബാൽ (സം(ഗീത സംവിധായകൻ)
പ്ലാസ്റ്റിക്, ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന ഭയാനക വിപത്തിനെക്കുറിച്ച് ഏതാണ്ട് 20 വർഷം മുമ്പ് ആകസ്മികമായി ഒരു പഠനം വായിക്കാനിടവന്നു. അന്നുമുതൽ അനാവശ്യ പ്ലാസ്റ്റിക് എങ്ങനെ ഒഴിവാക്കാം എന്ന ശ്രമവും അതിന്റെ പേരിലുള്ള ആഭ്യന്തര കലഹവും തുടങ്ങി. അന്നുവരെ നിർലോഭമായി ഉപയോഗിച്ചുപോന്ന പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാൻ ശ്രമിച്ചു. പച്ചക്കറി വാങ്ങാൻ തുണിസഞ്ചികൾക്കായി പല പാന്റ്സുകളുടെയും കാലുകൾ സഞ്ചികളായി രൂപാന്തരപ്പെട്ടു. അയൽവാസിയായ ബന്ധു പ്ലാസ്റ്റിക് കത്തിക്കുന്നതുകണ്ട് തടഞ്ഞ എനിക്ക് ഒരിക്കൽ അസഭ്യവും കേൾക്കേണ്ടിവന്നു. എന്നിട്ടിപ്പോൾ നോക്കുമ്പോ, എനിക്കു ചുറ്റും ഒരു നഗരം കത്തുന്നു. ടൺ കണക്കിന് പ്ലാസ്റ്റിക്. ഡയോക്സിനും ബെൻസോപൈറീനും പോളി ആരോമാറ്റിക് ഹൈഡ്രോ കാർബണും വമിക്കുന്നു. ഒരു ജനത രോഗാതുരമാകുന്നു. എന്റെ പ്രിയ സുഹൃത്തടക്കം ശ്വാസംമുട്ടി ആശുപത്രിയിലാകുന്നു. സ്വപ്നം കാണുന്ന കുട്ടികൾ, ജനിച്ച, ജനിക്കാനിരിക്കുന്ന പിഞ്ചുപൈതങ്ങൾ. അഴിമതി വേണമെങ്കിൽ കാണിച്ചോളൂ... സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവർന്നെടുക്കരുതേ. അത് മൗലികമല്ലേ. ഒരു പ്രശ്നവുമില്ലെന്ന് അധികാരികൾ പറയുന്നു. ശാസ്ത്രം അതല്ലല്ലോ പറയുന്നത്. ഏക ആശ്രയം കോടതിയാണ്. കോടതി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ വേണ്ടത് ചെയ്യാൻ മുൻകൈയെടുക്കുമെന്ന് നമുക്ക് സ്വപ്നം കാണാം. സ്വപ്നങ്ങൾക്ക് ലിമിറ്റില്ലല്ലോ, ല്ലേ..? -(സമൂഹമാധ്യമത്തിൽ കുറിച്ചതിൽ നിന്ന്)
ഭയാശങ്ക പരക്കുന്നു, മുൻകരുതൽ നിർബന്ധം- ഡോ. സണ്ണി പി. ഓരത്തേൽ
(മെഡിക്കൽ സൂപ്രണ്ട് & ചെസ്റ്റ് ഫിസിഷ്യൻ രാജഗിരി ആശുപത്രി)
മാരകമായ വിഷപ്പുക ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ഭയാശങ്ക മിക്കവരിലും ഉണ്ടായിട്ടുണ്ട്. തുടർച്ചയായി ഇത്തരം പുക വമിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതും പുകസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് താൽക്കാലികമായി ഒഴിഞ്ഞുനിൽക്കുന്നതും ഉത്തമമാണ്. ജലദോഷം, കണ്ണിന് നീറ്റൽ, ചുമ, ദേഹത്ത് ചൊറിച്ചിൽ എന്നിവയാണ് വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ആസ്മ, സി.ഒ.പി.ഡി പോലെയുള്ള രോഗമുള്ളവരിൽ ചിലപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടാം. ഇത്തരം അവസ്ഥകൾ എന്തുണ്ടായാലും ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്. ചികിത്സയേക്കാൾ പ്രധാനം പുക പടരുന്ന മേഖലകളിൽ താമസിക്കുന്നവർ എടുക്കേണ്ട മുൻകരുതലാണ്. ജനലും വാതിലുകളും അടച്ചിട്ട് പുകപടലങ്ങൾ വീടിനുള്ളിലും മുറിക്കകത്തും പടരുന്നത് തടയേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായാൽ മാസ്ക് നിർബന്ധമായും ധരിക്കണം. മുതിർന്നവരടക്കം കൂടിച്ചേരലുകളും തുറസ്സായ സ്ഥലത്തെ വിനോദങ്ങൾ, ഒത്തുചേരലുകൾ എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ, കാൻസർ - ലിവർ - കിഡ്നി രോഗമുള്ളവർ പുകപടലം ശ്വസിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. പുക ശ്വസിക്കുന്നതോടൊപ്പം മറ്റ് രോഗാണുക്കൾ കൂടി ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ന്യുമോണിയ പോലുള്ള രോഗങ്ങൾ വരുന്നത് ഒഴിവാക്കാനാണ് ഈ മുൻകരുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.