രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കം ചെയ്തു; കോഴിക്കോട് മെഡിക്കൽ കോളജിന് നേട്ടം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
45കാരനായ രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി പൂർണബോധത്തിലുള്ളപ്പോൾ ചെയ്യേണ്ട ശസ്ത്രക്രിയയാണ് ഇതെന്ന് ന്യൂറോ സർജറി വിഭാഗം തലവൻ പ്രഫ. ഡോ. രാജീവൻ പറഞ്ഞു. മെഡിക്കൽ കോളജിൽ ആദ്യമായാണ് ഇത്തരം നൂതന ശസ്ത്രക്രിയ.
തലച്ചോറിൽ കൈയും കാലും നിയന്ത്രിക്കുന്ന ഭാഗത്തായിരുന്ന രോഗിക്ക് മുഴ. ശസ്ത്രക്രിയ ചെയ്യുന്ന സമയത്ത് രോഗിയുടെ കൈക്കും കാലിനും തളർച്ച ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് രോഗി ബോധത്തോടെയുണ്ടാവേണ്ടത് ആവശ്യമാണ്.
അതിനാൽ തലയോട്ടി തരിപ്പിക്കുകമാത്രം ചെയ്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രോഗിയെ മയക്കാതെ ശസ്ത്രക്രിയ സമയത്തും നിരന്തരം സംവദിച്ച്, കൈകാലുകൾ ഇളക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
ഫെബ്രുവരി എട്ടിന് രാവിലെ എട്ടരയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നു മണിക്കൂർ നീണ്ടു. ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് സാധാരണപോലെ എഴുന്നേറ്റുനിൽക്കാനും വെള്ളം കുടിക്കാനും മറ്റും സാധിക്കുമെന്നതാണ് ഉണർന്നിരിക്കെ നടത്തുന്ന ശസ്ത്രക്രിയയുടെ പ്രത്യേകത.
ഈ ശസ്ത്രക്രിയക്ക് അനുഭവസമ്പന്നരായ ഡോക്ടർമാർ, അനസ്തീഷ്യ വിഭാഗം, നൂതനമായ മോണിറ്ററിങ് സംവിധാനങ്ങൾ, പുതിയ മരുന്നുകൾ എന്നിവ ആവശ്യമാണ്. ശസ്ത്രക്രിയക്ക് രോഗി കൂടി പൂർണസജ്ജമാണ് എങ്കിൽ മാത്രമേ വിജയിക്കുകയുള്ളൂവെന്ന് ഡോ. രാജീവൻ പറഞ്ഞു.
ഡോ. രാജീവെൻറ നേതൃത്വത്തിൽ ഡോ. വിജയൻ, ഡോ. രാധാകൃഷ്ണൻ, ഡോ. റസ്വി, ഡോ. വിനീത്, ഡോ. ഷാനവാസ് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനു, ഡോ. ഷഫ്ന, ഡോ. ഹുസ്ന എന്നിവരും സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.