മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയ യുവാവിന്റെ പരാക്രമം; ഡോക്ടറുടെ മുഖത്തടിച്ചു
text_fieldsകളമശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദിച്ചു. കളമശ്ശേരി വട്ടേക്കുന്നം കുരിശിങ്കൽ വീട്ടിൽ ഡോയലാണ് (24) മെഡിക്കൽ കോളജ് ഹൗസ് സർജൻ ഇർഫാൻ ഖാനെ മർദിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഡോക്ടർക്കുനേരെ വധഭീഷണി മുഴക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. ഡോക്ടർ ഇതിനെതിരെ പ്രതികരിച്ചപ്പോൾ മുഖത്തടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.50ഓടെയാണ് സംഭവം. സൗത്ത് കളമശ്ശേരി ഇൻഡസ്ട്രിയിൽ എസ്റ്റേറ്റ് റോഡിൽ രാത്രി 9.15ന് ഡോയൽ ബൈക്കിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ട് വീണ് പരിക്കേറ്റു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് മെഡിക്കൽ കോളജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇയാളെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഇർഫാൻ ഖാൻ പരിശോധിച്ച ശേഷം കണ്ണിന് മുകളിലുണ്ടായിരുന്ന മുറിവ് തുന്നലിടുകയും ചെയ്തു. തുടർന്ന അത്യാഹിത വിഭാഗത്തിലെത്തിയ മറ്റൊരു രോഗിയുടെ എക്സ്റേ പരിശോധിക്കുന്നതിനിടെ പ്രകോപിതനായ ഡോയൽ ഡോക്ടറോട് കയർത്ത് സംസാരിച്ചു. ഡോക്ടർ തിരികെ എന്തോ പറഞ്ഞതോടെ അക്രമാസക്തനായ ഇയാൾ ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു. നീ വെറും ഡോക്ടറാണെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയ ഇയാൾ അസഭ്യവർഷം നടത്തിയെന്നും ഡോക്ടർ പറഞ്ഞു. അതോടെ ഒപ്പമുണ്ടായിരുന്നവരും മറ്റ് ആശുപത്രി ജീവനക്കാര്യം ചേർന്ന് പിടിച്ച് മാറ്റിനിർത്തി. ഈ സമയം ഇവരെത്തിയ വാഹനത്തിൽ കയറാൻ ശ്രമിച്ച ഡോയലിനെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും എയ്ഡ് പോസ്റ്റിലെ പൊലീസുകാരും ചേർന്ന് തടഞ്ഞുവെച്ച് കളമശ്ശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ഡോക്ടറിൽനിന്ന് മൊഴിയെടുത്ത് ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.