അങ്ങാടിപ്പുറം ക്ഷേത്രത്തിൽ യുവാവിന്‍റെ പരാക്രമം; തിരുവാഭരണം എടുത്തെറിഞ്ഞു
text_fieldsഅങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്ത് കയറി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയാണ് അതിക്രമം കാണിച്ചത്. ശ്രീകോവിലിനകത്ത് വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണങ്ങളും വിളക്കുകളും ഇയാൾ എടുത്തെറിഞ്ഞു. വിളക്കിലെ എണ്ണ ദേഹത്ത് ഒഴിക്കുകയും ചെയ്തു. തുടർന്ന് ഏറെനേരം ശ്രീകോവിലിനകത്തുനിന്ന് പുറത്തിറങ്ങാതെയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും ക്ഷേത്ര ജീവനക്കാരും ചേർന്ന് ഇയാളെ ബലമായി പിടികൂടുകയായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഞെരളത്ത് സംഗീതോത്സവത്തിന്റെ ഭാഗമായി രാവിലെ ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു. ഭക്തർക്കിടയിൽനിന്ന് യുവാവ് പെട്ടെന്ന് ശ്രീകോവിലിലേക്ക് കുതിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ക്ഷേത്ര ജീവനക്കാരും വിശ്വാസികളും പരിഭ്രാന്തരായി തടിച്ചുകൂടി. സംഭവം ഏറെനേരം ക്ഷേത്രത്തിൽ അങ്കലാപ്പുണ്ടാക്കി. യുവാവിനെ പിടികൂടിയ ശേഷം ചിലർ മർദിക്കാൻ മുതിർന്നെങ്കിലും ക്ഷേത്ര ജീവനക്കാർ തടഞ്ഞു. തുടർന്ന് പൊലീസ് ഇയാളെ പെരിന്തൽമണ്ണ സ്റ്റേഷനിലേക്ക് മാറ്റി.
മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നറിയുന്നു. ഇതേ യുവാവ് 2020ൽ അങ്ങാടിപ്പുറത്ത് ബസിന് മുന്നിലേക്ക് ചാടിയ സംഭവമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.