ലോക്ഡൗണിൽ ബ്രേക്ഡൗണില്ലാത്ത സവാരി
text_fieldsകോഴിക്കോട്: നാടൻപാട്ടിൽ പറയുന്നതു പോലെ വട്ടത്തിൽ ചവിട്ടി നീളത്തിൽ പോകുന്ന സൈക്കിളിൽ നെടുനീളത്തിൽ ചവിട്ടുകയാണ് കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ കെ. ദിനേശ്. 85 കി.മീറ്റർ സൈക്കിൾ ചവിട്ടിയാണ് തലശ്ശേരി മമ്പറത്തിനടുത്ത് കായലോടുനിന്ന് ദിനേശ് കോഴിക്കോട്ടേക്ക് ഡ്യൂട്ടിക്കെത്തുന്നത്. സൈക്കിളിനോട് പണ്ടുതൊട്ടേ കൂട്ടുകൂടിയ ദിനേശ് ലോക്ഡൗൺ തുടങ്ങിയതോടെ ഇഷ്ടവാഹനം സ്ഥിരമാക്കി. അടുത്തകാലത്താണ് 36000ത്തിലേറെ രൂപക്ക് ഗിയർ സൗകര്യമുള്ള സൈക്കിൾ ഇദ്ദേഹം വാങ്ങിയത്.
രാവിലെ ആറുമണിക്ക് വീട്ടിൽനിന്ന് യാത്ര പുറപ്പെടും. സൈക്കിൾ സവാരിക്കാർ ധരിക്കുന്ന ഹെൽമറ്റുവെച്ചാണ് യാത്ര. ചിലയിടങ്ങളിൽ പൊലീസ് പരിശോധിക്കും. ജോലിക്കുപോകുന്ന സഹപ്രവർത്തകനാണെന്നറിയുമ്പോൾ അഭിനന്ദിച്ച് യാത്രയക്കും. പതിവു യാത്രാ വീഥികളിൽ ദിനേശിനെ പൊലീസിെൻറയും മറ്റും സ്ക്വാഡുകൾക്ക് പരിചയമായി. വർഷങ്ങളോളം കണ്ണൂരിലായിരുന്ന ഈ 51കാരൻ എലത്തൂർ സ്‌റ്റേഷനിലേക്കാണ് കോഴിക്കോട്ടേക്ക് ആദ്യം സ്ഥലം മാറിയെത്തിയത്. സാധാരണ സൈക്കിളിൽ പുലർച്ച വീട്ടിൽനിന്ന് തലശ്ശേരിയിലെത്തി കോഴിക്കോട്ടേക്ക് ട്രെയിനിൽ വരാറായിരുന്നു പതിവ്.
ലോക്ഡൗണായതോടെയാണ് ദീർഘദൂര സവാരി പരീക്ഷിച്ചത്. രണ്ടുദിവസം തുടർച്ചയായി ഡ്യൂട്ടിയെടുത്ത് വീട്ടിലേക്ക് തിരിക്കും. ഇത്രയും ദൂരം സൈക്കിൾ ചവിട്ടുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് ചോദിച്ചാൽ, ഇല്ല എന്നുതന്നെയാണ് ഈ നിയമപാലകെൻറ മറുപടി. നഗരത്തിലെ യാത്രക്കും സൈക്കിളെടുക്കാറുണ്ട്. ഇപ്പോഴുള്ള യാത്രക്ക് വീട്ടുകാരുടെ ഉറച്ച പിന്തുണയുണ്ട്. ലോക്ഡൗൺ കഴിഞ്ഞിട്ടും സൈക്കിൾ സവാരി തുടരാനാണ് ആഗ്രഹം. എന്നാൽ പഴയതുപോലെ ട്രെയിനിൽ പോയാൽ മതിയെന്നാണ് വീട്ടുകാരുടെ സ്നേഹോപദേശം. ഹെൽത്ത് നഴ്സായ ചിത്രയാണ് ഭാര്യ. പോളിടെക്നിക് വിദ്യാർഥിയായ മൂത്ത മകൻ ആനന്ദ് കൃഷ്ണക്കും സൈക്ലിങ്ങിൽ കമ്പമുണ്ട്. ഒമ്പതാം ക്ലാസുകാരൻ അശ്വിൻ കൃഷ്ണയാണ് ഇളയ മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.