അട്ടപ്പാടി ആദിവാസിഭൂമി തട്ടിപ്പിൽ വഴിത്തിരിവ്; അന്വേഷണം ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർക്ക് പരാതി
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി വൻ തട്ടിപ്പ് നടത്തിയതിനെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ലാൻഡ് റവന്യൂ കമീഷണർക്ക് പരാതി. ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ ഭൂമി കൈയേറിയ ജോസഫ് കുര്യൻ അട്ടപ്പാടിയിൽ പലയിത്തും സമാനമായ കൈയേറ്റം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഗളി തഹസിൽദാർക്കും വില്ലേജ് ഓഫിസർക്കും പരാതി നൽകിയെന്ന് ക്രാന്തികാരി കിസാൻസഭ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ 'മാധ്യമം ഓൺലൈ'നോട് പറഞ്ഞു.
തിങ്കാളാഴ്ച ലാൻഡ് റവന്യൂ കമീഷണർ, അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ- ഡോ. എ. ജയതിലക്) എന്നിവർക്ക് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകും. അട്ടപ്പാടിയിൽ എൺപതിലധികം വ്യാജ ആധാരങ്ങളിലൂടെ ആദിവാസി ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അഗളി വില്ലേജിലെ നെല്ലിപ്പതി സ്വദേശി നിരപ്പത്ത് ജോസഫ് കുര്യൻ 20 ഏക്കർ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു..
അഗളി മുൻ വില്ലേജ് ഓഫിസർക്കും അട്ടപ്പാടി തഹസിൽദാർക്ക് നേരിട്ട് അറിവുണ്ടായിട്ടും ഭൂമിത്തട്ടിപ്പിനെതിരെ ഇരുവരും നടപടി സ്വീകരിച്ചിട്ടില്ല. ഫലത്തിൽ റവന്യൂ ഉദ്യോഗസ്ഥർ ഭൂമി കൈയേറ്റക്കാരെ സഹായിക്കുകയാണ്. നഞ്ചിയമ്മയുടെ കുടുംബ ഭൂമിയിൽ ടി.എൽ.എ കേസ് നിലവിലുണ്ടായിരുന്നിട്ടും ജോസഫ് കുര്യന്റെ പേരിൽ രേഖകളുണ്ടാക്കി. അഗളി വില്ലേജിൽ നായക്കൻപാടിയിൽ ജി.പി ശെൽവരാജിൽ നിന്നും രജിസ്ട്രേഷൻ വഴി 20 ഏക്കറോളം ഭൂമിയും ജോസഫ് കുര്യൻ സ്വന്തമാക്കി. അട്ടപ്പാടിയിലെ മറ്റ് വില്ലേജുകളിലും സമാനരീതിയിൽ വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്.
ശെൽവരാജിന് ലാൻഡ് ബോർഡ് അനുവദിച്ചത് വ്യക്തിയെന്ന നിലിയിൽ ഏഴര ഏക്കർ ഭൂമിയാണ്. അയാൾക്ക് 13 ഏക്കർ ഭൂമിയുണ്ടെന്നാണ് ലാൻഡ് ബോർഡിൽ നൽകിയ രേഖ. ബാക്കിയുള്ള അഞ്ചര ഏക്കർ മിച്ചഭൂമിയായി റവന്യൂവകുപ്പ് ഏറ്റെടുത്ത് അഞ്ച് ആദിവാസികൾക്ക് വിതരണം ചെയ്തതാണ്. ആ ഭൂമിക്ക് നികുതി അടച്ചുകിട്ടാനാണ് ഹൈകോടതിയിൽ പരാതി നൽകിയത്.
വില്ലേജ് ഓഫിസർമാരെയും തഹസിൽദാരെയും സ്വാധീനിച്ച് അനുകൂല റിപ്പോർട്ടുകളും രേഖകളും തയാറാക്കിയാണ് കുര്യൻ ഹൈകോടതിയെ സമീപിക്കുന്നത്. അങ്ങനെ കോടതിയിൽ നൽകിയ രണ്ട് കേസുകളും പരാതിയിൽ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. കോടതിയിൽ നിന്ന അനുകൂല ഉത്തരവുമായി പൊലീസിനെ സമീപിക്കും. പൊലീസ് സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാവും. അതുവഴി ഏക്കർകണക്കിന് ഭൂമിയിൽ കൈയേറ്റം നടത്തി മറിച്ചുവിറ്റുവെന്നാണ് പരാതിയിൽ പറയുന്നത്.
അട്ടപ്പാടിയിൽ 80 ലധികം ആധാരങ്ങളിലായി ഒരാളുടെ പേരിൽ ക്രയവിക്രയം നടന്നുവന്നാണ് അറിവ്. എറണാകുളം കോടതിയിലെ അഭിഭാഷകനും പഞ്ചായത്ത് സെക്രട്ടറിക്കും കുര്യൻ ഭൂമി നൽകിയെന്നും ആരോപണമുണ്ട്. മിച്ചഭൂമികളും ആദിവാസി ഭൂമികളും തട്ടിയെടുത്തു കോടികണക്കിന് രൂപയുടെ ക്രയവിക്രമയമാണ് അട്ടപ്പാടിയിൽ നടക്കുന്നത്. അതിനാൽ ആദിവാസി ഭൂമിക്ക് വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.