കോഴിക്കോട് മെഡിക്കൽ കോളജിൽ മുലപ്പാൽ ബാങ്ക് വരുന്നു
text_fieldsകോഴിക്കോട്: മുലപ്പാൽ കേടുകൂടാതെ സൂക്ഷിക്കാൻ മെഡിക്കൽ കോളജിൽ മുലപ്പാൽ ബാങ്ക് വരുന്നു. മുലപ്പാൽ കുറവുള്ള അമ്മമാരുടെ നവജാത ശിശുക്കൾക്ക് പാൽ നൽകാനാണ് ബാങ്ക് സ്ഥാപിക്കുന്നത്.
പ്രസവശേഷം പാൽ ഇല്ലാതായാൽ, കുഞ്ഞുങ്ങൾക്ക് പാൽ വലിച്ചുകുടിക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ, വിഷാദരോഗവും മറ്റും മൂലം മുലയൂട്ടാനാകാത്ത മാനസികാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നതിനുള്ള പദ്ധതിയാണ് മുലപ്പാൽ ബാങ്ക്.
കുഞ്ഞുങ്ങൾക്ക് നൽകിയശേഷം ബാക്കിവരുന്ന പാൽ ബാങ്കിലേക്ക് നൽകാൻ അമ്മമാർ തയാറായാൽ പാൽ കിട്ടാത്ത കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനാകും.
ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ന്യൂബോൺ വിഭാഗത്തോടു ചേർന്നുള്ള കെട്ടിടത്തിലാണ് ബാങ്ക് ഒരുക്കുക. മുലപ്പാൽ ശേഖരിക്കാനായി പ്രത്യേക മുറി, കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ്, ഡീപ് ഫ്രീസർ എന്നീ സൗകര്യങ്ങൾ ബാങ്കിലുണ്ടായിരിക്കും.
പാൽ ഒന്നിച്ച് പാസ്ചറൈസ് ചെയ്താണ് സൂക്ഷിക്കുക. അണുമുക്തമെന്ന് ഉറപ്പാക്കാനുള്ള കൾചർ പരിശോധനയുൾപ്പെടെ നടത്തും. സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്കായിരിക്കും ഇത്. മൊത്തം 38.62 ലക്ഷം രൂപയുടെ പദ്ധതിയാണിത്.
ഇതോടൊപ്പം 77 ലക്ഷം രൂപ ചെലവിട്ട് മെറ്റേണൽ ന്യൂബോൺ ക്രിട്ടിക്കൽ കെയർ യൂനിറ്റും പൂർത്തിയാക്കും. ഇത് സജ്ജമാകുന്നതോടെ ഐ.സി.യുവിൽ കിടത്തി ചികിത്സയിലുള്ള നവജാത ശിശുക്കളുടെകൂടെ അമ്മമാരെയും കിടത്താം.
ചികിത്സയിലുള്ള കുട്ടിയും അമ്മയും രണ്ടിടത്താവുമ്പോഴുണ്ടാകുന്ന മുലപ്പാൽ നൽകുന്നതിലുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.
ചികിത്സയിലുള്ള നവജാത ശിശുക്കളുടെകൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണൽ ന്യൂബോൺ ക്രിട്ടിക്കൽ കെയർ യൂനിറ്റും മുലപ്പാൽ ബാങ്കും രണ്ടു മാസത്തിനുള്ളിൽ സജ്ജമാകും.
ഇരു പദ്ധതികളുടെയും വിശദ പദ്ധതി രേഖക്ക് (ഡി.പി.ആർ) ദേശീയ ആരോഗ്യ ദൗത്യം അംഗീകാരവും ഭരണാനുമതിയും ലഭിച്ചു. പദ്ധതികളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. 14 ദിവസത്തിനുള്ളിൽ ടെൻഡർ പൂർത്തിയാകും. ഉടൻ നിർമാണം ആരംഭിക്കാനാകുമെന്ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ പറഞ്ഞു.
നിർമാണപ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും. എച്ച്.എൽ.എല്ലാണ് നിർമാണം. തിരുവനന്തപുരം മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലും സർക്കാർ മുലപ്പാൽ ബാങ്കിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.